താരപ്പോര്: രംഗം കൈയടക്കി സൈബര്‍ അനുയായികള്‍; സര്‍ക്കാര്‍ നിലപാടിലും അവ്യക്തത
കൊച്ചി: താരസംഘടനയിലെ പോരില്‍ സൂപ്പര്‍ താരങ്ങളുടെ സൈബര്‍ അനുയായികള്‍ രംഗം കൈയടക്കുന്നു. വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യു.സി.സി) ഫേസ് ബുക്ക് പേജില്‍ കയറിയാണ് സൈബര്‍ ആക്രമണം. മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങളോട് ഡബ്ല്യു.സി.സി അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് സൂപ്പര്‍ താരങ്ങളുടെ സൈബര്‍ അനുയായികളെ പ്രകോപിപ്പിച്ചത്.
താരസംഘടനയായ അമ്മ പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ നിരാശാജനകം എന്ന് തുടങ്ങുന്ന ഡബ്ല്യു.സി.സി പേജിലെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെയാണ് വ്യക്തിപരമായ പരാമര്‍ശങ്ങളടങ്ങിയ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹന്‍ലാലിനെയും ദിലീപിനെയും പുകഴ്ത്തുന്നതിനൊപ്പം ഡബ്ല്യു.സി.സി അംഗങ്ങളെ അവഹേളിക്കുന്ന കമന്റുകളാണ് ഏറെ. 'ഫെമിനിച്ചികള്‍' , 'പൊരിച്ചമീന്‍ ഫെമിനിച്ചികള്‍' തുടങ്ങി, സിനിമയില്‍ നിന്ന് ഔട്ടായതിന്റെ കെറുവ് തീര്‍ക്കുന്നവര്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. 'ലാലേട്ടനെയും ദീലീപേട്ടനെയും നിങ്ങള്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ല' എന്ന വെല്ലുവിളിയുമുണ്ട്. ഒപ്പം, നടി അപമാനിക്കപ്പെട്ടതല്ല; അവര്‍ ദിലീപിനോട് പ്രതികാരം ചെയ്യുകയാണ് എന്ന പരാമര്‍ശങ്ങളുമുണ്ട്. ഡബ്ല്യു.സി.സി നിലപാടിനെ പിന്തുണക്കുന്നവരേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
അതിനിടെ, താരപ്പോര് സംബന്ധിച്ച സര്‍ക്കാര്‍ നിലപാടും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല എന്നാണ് കഴിഞ്ഞ ദിവസം മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചക്കുശേഷം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. അമ്മയിലെ പ്രശ്‌നങ്ങള്‍ അവര്‍തന്നെ ചര്‍ച്ച ചെയ്ത് തീര്‍ക്കട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍, കേസിന്റെ ഗതി നിര്‍ണയിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിട്ടുണ്ട്. വനിതാ ജഡ്ജിയുടെ നേതൃത്വത്തില്‍ വേണം കേസ് വിചാരണയെന്നും എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയെ ലഭ്യമല്ലെങ്കില്‍ കേസ് തൃശൂരിലെ അനുയോജ്യമായ കോടതിയിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യം പരിഗണക്കവേയാണ് സര്‍ക്കാര്‍ നിലപാട് ആരാഞ്ഞത്. കേസ് വിചാരണ നടപടികള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാന്‍ നീക്കം നടക്കുന്ന സാഹചര്യത്തില്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകവുമാണ്.
സിനിമക്കുള്ളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനോട് നേര്‍വിപരീതമാണ് മന്ത്രി എ.കെ ബാലന്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട്. 2017 മെയ് 17ന് വിമെന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണുകയും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിനിമക്കുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ ഒരുവര്‍ഷമായിട്ടും കാര്യമായ മുന്നേറ്റം നടത്താത്തതിനെതിരേ കഴിഞ്ഞ ഏപ്രിലില്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ വീണ്ടും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."