അഭിമന്യു വധം: പിടിയിലായവര്‍ പ്രവര്‍ത്തകരല്ലെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ്. കോഴിക്കോട്ട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിയിലായവര്‍ പാര്‍ട്ടിയുടെ കേഡര്‍മാരല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ മെമ്പര്‍, കേഡര്‍ എന്നീ സംവിധാനങ്ങളാണ് നിലനില്‍ക്കുന്നത്. ഇതില്‍ മെമ്പര്‍മാര്‍ അനുഭാവികളും കേഡര്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. മഹാരാജാസ് സംഭവത്തിന് ശേഷം സി.പി.എം, പൊലിസിനെ ഉപയോഗിച്ച് എസ്.ഡി.പി.ഐയെ വേട്ടയാടുകയാണ്. യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനപ്പുറം രാഷ്ട്രീയമായ താല്‍പര്യമാണ് സി.പി.എം വച്ചുപുലര്‍ത്തുന്നത്. മഹാരാജാസ് സംഭവത്തെ വര്‍ഗീയമായി അവതരിപ്പിച്ച് പാര്‍ട്ടിക്കെതിരേ കുപ്രചാരണങ്ങള്‍ നടത്തുകയാണ്. പാര്‍ട്ടി അനുഭാവികള്‍ ക്രിമിനല്‍ കേസുകളില്‍ പെടുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല.
പോപ്പുലര്‍ ഫ്രണ്ടുമായി പാര്‍ട്ടിക്ക് ബന്ധമില്ല. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ യോജിപ്പില്ലെന്നും അങ്ങനെയാണെങ്കില്‍ ആദ്യം സി.പി.എമ്മിനെയാണ് നിരോധിക്കേണ്ടതെന്നും അബ്ദുല്‍ മജീദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ മനോജ്കുമാര്‍, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, പി. അബ്ദുല്‍ ഹമീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."