വിമാനത്തിന്റെ എന്‍ജിനും ചക്രവും തകര്‍ന്ന സംഭവം; എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ വിശദീകരണം തേടി
കൊണ്ടോട്ടി: കരിപ്പൂരില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ എന്ജിന് ചിതറിത്തെറിക്കുകയും ചക്രം തകരുകയും ചെയ്ത സംഭവത്തില്‍ എയര്‍ ഇന്ത്യയോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡി.ജി.സി.എ) വിശദീകരണം തേടി. ഡി.ജി.സി.എയുടെ വിമാന സുരക്ഷ വിഭാഗമാണ് സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയത്. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സംഭവ ദിവസം തന്നെ എയര്‍പോര്‍ട്ട് അതോറിറ്റി ഡി.ജി.സി.എക്ക് നല്‍കിയിരുന്നു.
കരിപ്പൂരില്‍ തിങ്കളാഴ്ചയാണ് ദുബൈയിലേക്ക് പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ എന്ജിന് പൊട്ടിച്ചിതറിയതും റണ്‍വേയുടെ വശത്തെ ലൈറ്റില്‍ നിയന്ത്രണം വിട്ട് കയറിയിറങ്ങിയ വിമാനത്തിന്റെ ടയര്‍ തകര്‍ന്നതും. തലനാരിഴക്കാണ് വിമാന അപകടം ഒഴിവായത്.
വിമാനം പുറപ്പെടുന്നതിന് മുന്‍പായി എന്‍ജിനീയറിങ് വിഭാഗം വിശദ പരിശോധന നടത്തിയതിനു ശേഷമാണ് വിമാനം പറന്നുയരാനായി പോയത്. എന്നാല്‍ റണ്‍വേയിലൂടെ 600 മീറ്റര്‍ നീങ്ങിയപ്പോഴേക്കും ഇടതു ഭാഗത്തെ എന്ജിനുള്ളില് നിന്ന് പുകയോട് കൂടി ചെറിയ യന്ത്ര സാമഗ്രികള്‍ റണ്‍വേയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട വിമാനം റണ്‍വേയുടെ വശത്തുളള ലൈറ്റില്‍ തട്ടി ചക്രം തകര്‍ന്നത്. വിമാനത്താവളം ഒന്നര മണിക്കൂറോളം അടച്ചിട്ട് റണ്‍വേയില്‍ ചിതറിത്തെറിച്ച എന്ജിന് ഭാഗങ്ങള്‍ നീക്കിയശേഷമാണ് മറ്റ് വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചത്.
മുംബൈയില്‍ നിന്ന് എന്‍ജിനീയറിങ് വിഭാഗം കരിപ്പൂരിലെത്തിയാല്‍ മാത്രമെ വിമാനത്തിന് സംഭവിച്ച തകരാര്‍ കണ്ടെത്താനാവുകയുളളൂ. ഇതിനു ശേഷമായിരിക്കും എയര്‍ഇന്ത്യ ഡി.ജി.സി.എയ്ക്ക് റിപ്പോര്‍ട്ട് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."