തൃപ്രയാര്‍ സരയൂ തീരത്തെ കുട്ടികളുടെ പാര്‍ക്ക് നശിക്കുന്നു
അന്തിക്കാട്: തൃപ്രയാര്‍ കിഴക്കേ കരയിലെ സരയൂ തീരത്തെ കുട്ടികളുടെ പാര്‍ക്ക് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. രണ്ടര കൊല്ലം മുന്‍പാണ് താന്ന്യം പഞ്ചായത്ത് കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മിച്ചത്. കനോലി കനാലിന്റെ കിഴക്കേ കരയില്‍ സരയൂ തീരത്ത് നിര്‍മിച്ച പാര്‍ക്ക് വിനോദസഞ്ചാരികളെയും കുട്ടികളെയും ലക്ഷ്യം വച്ചാണ് നിര്‍മിച്ചത്. എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം പാര്‍ക്ക് അവഗണന നേരിടുകയാണ്. പാര്‍ക്കില്‍ ആകെയുള്ളത് ചെറിയ കുട്ടികള്‍ക്കായി നിര്‍മിച്ച കറങ്ങുന്ന ഊഞ്ഞാല്‍ മാത്രമാണ്. ഇരിപ്പിടങ്ങളെല്ലാം പഴകി ദ്രവിച്ച നിലയിലാണ്.നിര്‍മാണം കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ കനോലി കനാല്‍ യാത്രയ്ക്കായി കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലവരുന്ന ബോട്ട് പുഴയില്‍ കിടന്നു പൂര്‍ണമായും നശിച്ച നിലയിലാണ്. പ്രദേശമാകെ പുല്ലും കുളവാഴയും നിറഞ്ഞിട്ടുണ്ട്. പാര്‍ക്കിലേക്ക് പ്രവേശിക്കാനായി നിര്‍മിച്ച കോണ്‍ക്രീറ്റ് ചവിട്ടുപടിയുടെ മുകളിലെ സ്ലാബ് തകര്‍ന്ന നിലയിലാണ്. രാത്രിയില്‍ പാര്‍ക്ക് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമായിട്ടുണ്ട്. മദ്യപാനം, കഞ്ചാവ് വില്‍പന, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇവിടെ നടക്കുന്നുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
പ്രദേശത്ത് രാത്രി കാല പൊലിസ് പട്രോളിങ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പാര്‍ക്കും പരിസരവും സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."