പാലപ്പിള്ളി തോട്ടം മേഖലയിലെ തൊഴിലാളികള്‍ സമരത്തിലേക്ക്
വരന്തരപ്പിള്ളി: പാലപ്പിള്ളി തോട്ടം മേഖലയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്.
ഹാരിസണ്‍ മലയാളം ലിമിറ്റഡ് തോട്ടം മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേയാണ് തൊഴിലാളികള്‍ പണിമുടക്ക് സമരത്തിനൊരുങ്ങുന്നത്.
തോട്ടം ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായ വിലയിടിവ് തോട്ടം വ്യവസായത്തെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. ഈ ഭാരം മുഴുവനായും തൊഴിലാളികളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിലാണ് തോട്ടം ഉടമകളും മാനേജ്മെന്റും. കഴിഞ്ഞ 10 വര്‍ഷമായി നിയമനങ്ങള്‍ നടത്തുന്നില്ല.
ആശ്രിതരായ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുന്നു. പുതിയ ടാപ്പിങ് കാടുകള്‍ തുടങ്ങുമ്പോള്‍ ആറും ഏഴും ദിവസം കൂടുമ്പോള്‍ ടാപ് ചെയ്താല്‍ മതി എന്ന മാനേജ്മെന്റ് നിലപാട് തൊഴിലാളികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു. സ്ഥിരം തൊഴിലാളികള്‍ ചെയ്തു വന്നിരുന്ന നിരവധി ജോലികള്‍ കരാര്‍ പണിയായും ബില്‍ പണിയായും ചെയ്യുന്നു. ഈ നില തുടര്‍ന്നാല്‍ തോട്ടങ്ങളില്‍ സ്ഥിരം പണി ഇല്ലാതാവുമെന്നും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് യൂനിയനുകള്‍ പണിമുടക്ക് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നതെന്ന് ആര്.ഇ.ഡബ്ല്യൂ.സി (സി.ഐ.ടി.യു) പ്രസിഡന്റ് കെ.കെ രാമചന്ദ്രന്, സെക്രട്ടറി പി.ജി വാസുദേവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."