HOME
DETAILS
MAL
നാല് വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട 15 ദിവസം; പിടികൂടിയത് 27 കിലോ
backup
July 20 2020 | 01:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം മുറുകുമ്പോഴും സംസ്ഥാനത്തേക്ക് കള്ളക്കടത്ത് വഴി സ്വര്‍ണമെത്തുന്നത് തുടരുന്നു. കഴിഞ്ഞ 15 ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 27 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
കസ്റ്റംസും എന്‍.ഐ.എയും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള കള്ളക്കടത്ത് വഴികള്‍ ചികഞ്ഞെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. അപ്പോഴും കള്ളക്കടത്ത് സംഘങ്ങള്‍ പരമ്പരാഗത വഴികളിലൂടെ സ്വര്‍ണം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത്.
ജൂലൈ 1നും 15നുമിടയില്‍ കരിപ്പൂര്‍ വഴി മാത്രം സ്വര്‍ണം കടത്തിയതിന് പിടിയിലായത് 24 പേരാണ്. പിടിച്ചെടുത്തത് 18 കിലോ 549 ഗ്രാം സ്വര്‍ണം.
ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയത് പിടിയിലായതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചതില്‍ മൂന്ന് കിലോ 450 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.
കണ്ണൂരിലൂടെ കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ 225 ഗ്രാം സ്വര്‍ണവും നെടുമ്പാശേരി വഴി എത്തിക്കാന്‍ ശ്രമിച്ചതില്‍ രണ്ട് കിലോ 130 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം സ്വര്‍ണം പിടികൂടാനുള്ള കാരണം പുതിയ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കിയതിനാലാണ്. കള്ളക്കടത്തുകാര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."