പൊളിച്ച് കളിച്ച് പെരിസിച്ച്
മോസ്‌കോ: കണക്കുകൂട്ടലുകളും അനുമാനങ്ങളും തെറ്റിച്ച് കൊണ്ട് ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍. കരുത്തരായ ഇംഗ്ലണ്ടിനെ 2-1 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്.
ഇംഗ്ലണ്ടിനോട് ഒരു ഗോളിന് പിന്നിട്ട് നിന്ന് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് മത്സരം കൈപ്പിടിയിലാക്കിയ ക്രൊയേഷ്യ തങ്ങളുടെ ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് ഫൈനലില്‍ കടക്കുകയായിരുന്നു.
മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ ശക്തരായ ഇംഗ്ലണ്ടിനെ 2-1ന് തകര്‍ത്താണ് ക്രൊയേഷ്യ ചരിത്രത്തിലേക്കും ഫൈനലിലേക്കും കളിച്ചുകയറിയത്. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ശക്തമായ മുന്നേറ്റങ്ങളുമായി ഇംഗ്ലണ്ടിനെ വിറപ്പിച്ച ക്രൊയേഷ്യ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. 1998ല്‍ ലോകകപ്പ് സെമിഫൈനലിലെത്തിയതാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ നേട്ടം. ആദ്യം നേടിയ ഗോളില്‍ കടിച്ചുതൂങ്ങി ഫൈനലില്‍ കടക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ ഇതോടെ അസ്തമിച്ചു. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഇംഗ്ലണ്ടിനെ ഭാഗ്യം തുണച്ചില്ല. ഒരു പക്ഷേ ക്രൊയേഷ്യയെ എളുപ്പത്തില്‍ പരാജയപ്പെടുത്താമെന്ന ഇംഗ്ലണ്ടിന്റെ അമിതവിശ്വാസമായിരിക്കാം തോല്‍വിയിലേക്ക് നയിച്ചത്. ഒരു ഗോളടിച്ചും ഗോളടിപ്പിച്ചും കളംനിറഞ്ഞ ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ വിജയശില്‍പി.
അഞ്ചാം മിനുട്ടില്‍ ഇംഗ്ലണ്ടാണ് ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് വച്ച് ലിന്‍ഗാര്‍ഡിനെ വീഴ്ത്തിയതിന് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് നല്‍കി. പ്രതിരോധതാരം കീറണ്‍ ട്രിപ്പിയര്‍ എടുത്ത കിക്ക് ബ്ലോക്ക് തീര്‍ത്ത ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് മുകളിലൂടെ പോസ്റ്റിന്റെ വലതുമൂലയില്‍ ചാഞ്ഞിറങ്ങി. സുന്ദരമായ ഫ്രീകിക്കിലൂടെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി ട്രിപ്പിയര്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കിയെങ്കിലും മുതലെടുക്കാനായില്ല. തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയിട്ടും വളരെ പതിയെയാണ് ക്രൊയേഷ്യ പന്ത് തട്ടിയത്. മോഡ്രിച്ചും റാക്കിട്ടിച്ചും നിറംമങ്ങിയപ്പോള്‍ പെരിസിച്ചും മാന്‍സൂക്കിച്ചും ടീമിനെ നയിച്ചു. 30ാം മിനുട്ടില്‍ ലിന്‍ഗാര്‍ഡ് ഒരുക്കിയ അവസരം ക്യാപ്റ്റന്‍ ഹാരി കെയ്‌നിന് ലക്ഷ്യത്തിലെത്തിക്കാവാത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. കെയ്‌നിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ സുബാസിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ടാം പകുതിയില്‍ പ്രത്യേക ഊര്‍ജം കിട്ടിയതുപോലെയാണ് ക്രൊയേഷ്യ പന്തു തട്ടയത്. മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ക്രൊയേഷ്യ 69ാം മിനുട്ടില്‍ പെരിസിച്ച് നേടിയ ഗോളില്‍ ഇംഗ്ലണ്ടിനെ ഒപ്പം പിടിച്ചു. വലതു വിങ്ങില്‍ നിന്ന് വ്രസാല്‍കോ നല്‍കിയ പന്ത് ഒരു മികച്ച ബാക്ക് ഹീല്‍ ഷോട്ടിലൂടെയാണ് പെരിസിച്ച് വലയിലാക്കിയത്. ഗോള്‍ നേടിയതോടെ ക്രൊയേഷ്യ ഉണര്‍ന്നു. 71ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടതു വശത്ത് നിന്ന് പ്രതിരോധ താരത്തെ വെട്ടിയോഴിഞ്ഞ് പെരിസിച്ച് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി റെബിച്ചിന്റെ കാലിലേക്ക്. താരത്തിന്റെ ദുര്‍ബല ഷോട്ട് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്ക്‌ഫോര്‍ഡ് കൈകളിലാക്കി. 83ാം മിനുട്ടില്‍ മാന്‍സൂക്കിച്ച് ഗോളിനടുത്തെത്തിയെങ്കിലും പിക്ക്‌ഫോര്‍ഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. 106ാം മിനുട്ടില്‍ പെരിസിച്ച് മാന്‍സൂക്കിച്ചിന് വീണ്ടും ഗോള്‍ നേടാന്‍ അവസരമൊരുക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പിക്ക്‌ഫോര്‍ഡ് തന്നെയാണ് ഷോട്ട് തടുത്ത് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 109 ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ വിജയ ഗോള്‍ നേടി മാന്‍സൂക്കിച്ച് പാഴാക്കിയ അവസരങ്ങള്‍ക്കെല്ലാം മറുപടി നല്‍കി.
ബോക്‌സില്‍ വച്ച് പെരിസിച്ച് തലകൊണ്ട് നല്‍കിയ പന്ത് തന്റെ ഇടംകാലന്‍ ഷോട്ടിലൂടെ മാന്‍സൂക്കിച്ച് ഇംഗ്ലണ്ട് വലയിലാക്കി. രണ്ടാം ഗോള്‍ വീണതോടെ പ്രതിരോധ താരം വാള്‍ക്കെറെ കയറ്റി ഇംഗ്ലണ്ട് ഗോളടിയന്ത്രം ജെയ്മി വാര്‍ഡിയെ ഇറക്കിയെങ്കിലും ഗോള്‍ നേടാനായില്ല. മൂന്നാം തവണയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയോട് പരാജയപ്പെടുന്നത്. അഞ്ചാം ലോകകപ്പിനെത്തിയ ക്രൊയേഷ്യക്കിത് ചരിത്ര നേട്ടമാണ്.
കൂടുതല്‍ മത്സരം; റെക്കോര്‍ഡ് തിരുത്താന്‍ റാക്കിട്ടിച്ച്
മോസ്‌കോ: ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡ് തിരുത്താനൊരുങ്ങി ക്രൊയേഷ്യന്‍ താരമായ ഇവാന്‍ റാക്കിട്ടിച്ച്. 70 മത്സരം കളിച്ച ബ്രസീല്‍ താരം വില്യനെയാണ് റാക്കിട്ടിച്ച് പിന്നിലാക്കുക. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരം കൂടി കളിച്ചാല്‍ സീസണില്‍ 71 മത്സരം പൂര്‍ത്തിയാകും റാക്കിട്ടിച്ചിന്. ഇംഗ്ലണ്ടിനെതിരേയുള്ള സെമി ഫൈനലില്‍ താരത്തിന് പനിയായിരുന്നെങ്കിലും ക്ഷീണമെല്ലാം മാറ്റിവച്ചായിരുന്നു കളിക്കാനിറങ്ങിയതെന്ന് താരം പ്രതികരിച്ചു. അടുത്ത മത്സരത്തില്‍ കാലില്ലെങ്കിലും രാജ്യത്തിനായി പോരാടുമെന്നും റാക്കിട്ടിച്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."