കുല്‍ദീപ് മാജിക്
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 268 റണ്‍സില്‍ എറിഞ്ഞു വീഴ്ത്തി. 10 ഓവറില്‍ 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെ മികച്ച ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ 268 റണ്‍സില്‍ ചുരുട്ടിക്കെട്ടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിട്ടുണ്ട്. 60 പന്തില്‍ 65 റണ്‍സുമായി രോഹിത് ശര്‍മയും 51 പന്തില്‍ 45 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. 27 പന്തില്‍ 40 റണ്‍സെടുത്ത ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി. മോയിന്‍ അലിയുടെ പന്തില്‍ ആദില്‍ റാഷിദിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ജാസണ്‍ റോയിയും (35 പന്തില്‍ 38) ജോണി ബൈര്‍സ്‌റ്റോവും (35 പന്തില്‍ 38) ഓപ്പണിങ് കൂട്ടുകെട്ടില്‍ 73 റണ്‍സ് നേടി. ഇരുവരെയും പറഞ്ഞയച്ച് കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കിയത്. 10.2 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 73 റണ്‍സില്‍ നില്‍ക്കെ ജാസണ്‍ റോയ് ആണ് ആദ്യം പുറത്തായത്. തെട്ടുപിന്നാലെ ജോ റൂട്ടിനെയും ജോണി ബൈര്‍സ്‌റ്റോവിനെയും കുല്‍ദീപ് പവലിയനിലേക്ക് അയച്ചു. ചാഹലിന്റെ പന്തില്‍ റെയ്‌നക്ക് ക്യാച്ച് നല്‍കി ഇയാന്‍ മോര്‍ഗനും പുറത്തായതോടെ പരാജയം മണത്ത ഇംഗ്ലണ്ടിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സാമാന്‍ ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്ക്‌സുമാണ് കരകയറ്റിയത്. ബട്‌ലര്‍ (51 പന്തില്‍ 53) റണ്‍സും സ്‌റ്റോക്‌സ് (103 പന്തില്‍ 50) റണ്‍സുമെടുത്ത് പുറത്തായി. കുല്‍ദീപ് തന്നെയാണ് ഇരുവരുടെയും വിക്കറ്റ് നേടിയത്. അവസാന ഓവറുകളില്‍ ഒരുമിച്ച മോയിന്‍ അലിയും ആദില്‍ റാഷിദുമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 250 കടത്തിയത്. മോയിന്‍ അലി (23 പന്തില്‍ 24) റണ്‍സും ആദില്‍ റഷീദ് (16 പന്തില്‍ 22) റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടും ചാഹല്‍ ഒരു വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."