ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടം അപകടാവസ്ഥയില്‍
കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹെഡ് പോസ്റ്റ് ഓഫിസും പാസ്‌പോര്‍ട്ട് സേവാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയില്‍. എല്ലാ വിഭാഗം ജനങ്ങളും നിരന്തരം ബന്ധപ്പെടുന്ന രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടം സുരക്ഷിതമല്ലാതായിട്ടും കെട്ടിടം മാറാനോ ബലപ്പെടുത്താനോയുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
നഗരമധ്യത്തിലുള്ള കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തിന് 30 വര്‍ഷത്തിലേറേ പഴക്കമുണ്ട്. ഈ കെട്ടിടത്തിന്റെ പരിമിതമായ സാഹചര്യത്തിലേക്കാണ് രണ്ടുവര്‍ഷം മുന്‍പ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രവും പ്രവര്‍ത്തനം തുടങ്ങിയത്. ഈ കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടത്തില്‍ അറ്റകുറ്റ പണികളല്ലാതെ സമഗ്രമായ പുനര്‍നിര്‍മാണം ഇതുവരെ നടന്നിട്ടില്ല. കെട്ടിടത്തിന്റെ ചുമരുകളിലും സ്ലാബിനും വിള്ളലുകളുണ്ട്. ചോര്‍ച്ച തടയാനായി ഇപ്പോള്‍ റൂഫിങ് ഷീറ്റ് ഇടാനുള്ള പണി നടന്നുകൊണ്ടിരിക്കുകയാണ്. പെയിന്റിങ് അടക്കമുള്ള മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ ചോര്‍ച്ച തടയേണ്ടതുകൊണ്ടാണ് റൂഫിങ് ചെയ്യുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. പോസ്റ്റ് ഓഫിസ് അധികൃതരുടെ ആവശ്യത്തിനനുസരിച്ച് സിവില്‍ വിഭാഗമാണ് അറ്റകുറ്റപ്പണികള്‍ക്ക് അംഗീകാരം നല്‍കുന്നത്. എന്നാല്‍ ഇതുവരെ സമഗ്രമായ പുനര്‍നിര്‍മാണമെന്ന ആവശ്യം പോലും ഉയര്‍ന്നിട്ടില്ല.
ജനങ്ങള്‍ നിരന്തരം ബന്ധപ്പെടുന്ന ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ തക്ക പാകത്തില്‍ കെട്ടിടം പൂര്‍ണസജ്ജമാണോയെന്നുള്ള പരിശോധനയും അടുത്തകാലത്തൊന്നും നടന്നിട്ടില്ല. തീപിടിത്തം പോലുള്ള അടിയന്തിര സംഭവങ്ങളുണ്ടായാല്‍ നേരിടാനുള്ള സുരക്ഷാ സജ്ജീകരണങ്ങളും ഈ കെട്ടിടത്തിലില്ല.
ജനത്തിരക്കുള്ള നഗരഹൃദയത്തില്‍ തന്നെയുള്ള കെട്ടിടത്തിന്റെ സുരക്ഷാവിഷയത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ ജനങ്ങളുടെയും ഓഫിസിലെ ജീവനക്കാരുടേയും ജീവനുതന്നെ ഭീഷണിയാകുമെന്ന ആശങ്കയിലാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."