സേവന സന്നദ്ധരായി വിഖായ രംഗത്ത്
മക്ക: വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനുള്ള എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ 'വിഖായ' യുടെ പരിശീലനം അവസാന ഘട്ടത്തിലേക്ക്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമെത്തുന്ന ഹാജിമാര്‍ക്ക് സേവനമൊരുക്കാന്‍ സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള സമസ്തയുടെ പ്രവര്‍ത്തകരാണ് ഈ വര്‍ഷവും നിസ്വാര്‍ഥ സേവന വീഥിയില്‍ അണിനിരക്കുക. ഹജ്ജ് സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന മിന, മുസ്തലിഫ, അറഫ, ജംറകളുടെ പരിസരങ്ങള്‍, വിശുദ്ധ ഹറം പരിസരം തുടങ്ങി ഹജ്ജ് കര്‍മങ്ങളുടെ പ്രധാനകേന്ദ്രങ്ങളില്‍ സദാ സേവന നിരതരായി ഇവരുണ്ടാകും. കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങള്‍, ഹജ്ജ് ടെര്‍മിനലുകള്‍, നടപ്പാതകള്‍, വാഹനങ്ങളുടെ പ്രത്യേക പാതകള്‍, മെട്രോ ട്രെയിന്‍ സ്റ്റേഷനുകള്‍, ഹാജിമാരുടെ താമസസ്ഥലങ്ങള്‍, ആതുര ശുശ്രൂഷാ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തവണ വിഖായ സന്നദ്ധസേവകരുടെ സേവനം ലഭ്യമാവും. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക അംഗീകാരത്തോടെയാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നത്.
ഹജ്ജ്‌സേവന സംഘത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനായി പരിശീലന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. 'വിഖായ' സന്നദ്ധ സേവകരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 'സഊദി ഗസറ്റ്' പത്രം വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിഖായക്ക് ലഭിച്ച അംഗീകാരമാണ് സഊദി പത്രത്തില്‍ പ്രാധാന്യത്തോടെ വന്ന ഈ വാര്‍ത്തയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2015 ലാണ് മക്കയില്‍ ഹജ്ജ് സേവന രംഗത്ത് വിഖായ പ്രവര്‍ത്തനമാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."