'നിയമം ഉയര്‍ത്തിപ്പിടിക്കേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ കടമ'- വികാസ് ദുബെകേസില്‍ യോഗി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവിമായി സുപ്രിം കോടതി
ന്യൂഡല്‍ഹി: മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെയും കൂട്ടാളികളുടെയും മരണത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുകയായിരുന്നു കോടതി.
സംസ്ഥാനത്ത് നിയമം ഉയര്‍ത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ''ഇത് നിങ്ങളുടെ കടമയാണ്,'' ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
''ഇത്തരമൊരു വ്യക്തി, അയാള്‍ ചെയ്ത കാര്യങ്ങളൊക്കെ മറികടന്ന് ജാമ്യത്തിലിറങ്ങിയതില്‍ ഞങ്ങളില്‍ നടുക്കം ഉണ്ടാക്കുന്നു. ഇത് വ്യക്തമായ പരാജയമാണ്. ആ ഉത്തരവുകളെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ റിപ്പോര്‍ട്ട് ആവശ്യമാണ്,'' കോടതി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ എട്ട് പൊലിസുകാരെ കൊലപ്പെട്ടുത്തിയ കേസിലെ പ്രതിയായ ദുബെ ജൂലൈ 9 വ്യാഴാഴ്ചയാണ് മധ്യപ്രദേശില്‍വെച്ച് പിടിയിലായത്. വെള്ളിയാഴ്ച പൊലിസ് കസ്റ്റഡിയില്‍വെച്ച് ദുബെ കൊല്ലപ്പെടുകയും ചെയ്തു. ുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നായിരുന്നു പൊലിസ് വാദം. സുപ്രിം കോടതിയിലും ഇതേവാദമാണ് പൊലിസ് ഉന്നയിച്ചത്. ദുബെയുടെ മൂന്ന് കൂട്ടാളികളേയും മുന്‍പുള്ള ദിവസങ്ങളില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
എന്നാല്‍ പൊലിസ് നടപടിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് പൊലിസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്ന വിമര്‍ശനം.
ഏറ്റുമുട്ടലിനിടെ ആറ് തവണ ദുബെയ്ക്ക് വെടിയേറ്റതായും വെടിയുണ്ടകളില്‍ മൂന്ന് എണ്ണം ശരീരത്തില്‍ തുളച്ചുകയറിയതായുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. വെടിയുണ്ടകള്‍ മൂലം ഉണ്ടായ ആറ് പരിക്കുകള്‍ ഉള്‍പ്പെടെ ആകെ 10 പരിക്കുകള്‍ ദുബെയുടെ ശരീരത്തില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."