മാവോയിസ്റ്റ് ഭീഷണി; നീലഗിരിയില്‍ അതീവ ജാഗ്രത
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് നീലഗിരിയില്‍ അതീവജാഗ്രത. ഇതുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പൊലിസും തമിഴ്‌നാട് ദൗത്യസേനയും പരിശോധന നടത്തി. ഊട്ടി തമിഴ്മാളികയില്‍ സംസ്ഥാനതല ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.
കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പൊലിസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗമാണ് നടന്നത്. നീലഗിരി എസ്.പി മുരളിറംബ, കോയമ്പത്തൂര്‍ എസ്.പി രമ്യഭാരതി, ഈറോഡ് എസ്.പി രൂപേഷ്‌കുമാര്‍, പാലക്കാട് എസ്.പി ശ്രീനിവാസന്‍, വയനാട് എസ്.പി കെ കാര്‍ത്തിക്, മലപ്പുറം എസ്.പി ദിവേഷ്‌കുമാര്‍, ചാംരാജ് നഗര്‍ എസ്.പി കുര്‍ദീപ്കുമാര്‍ ജയിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
തണ്ടര്‍ബോള്‍ട്ട് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. മാവോയിസ്റ്റ് ഭീഷണി തടയാന്‍ സംസ്ഥാന വനാതിര്‍ത്തികളില്‍ സംയുക്ത പരിശോധന നടത്തുക, ഉള്‍വനത്തില്‍ പരിശോധന നടത്താനും, ആദിവാസി ഗ്രാമങ്ങളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും, അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വാഹന പരിശോധന ശക്തമാക്കാനും, എന്ത് വിവരം ലഭിച്ചാലും പരസ്പരം വിവരങ്ങള്‍ കൈമാറാനും യോഗത്തില്‍ തീരുമാനമായി.
കേരളത്തിലെ അട്ടപ്പാടി, മാനന്തവാടി, അഗളി, എടക്കര, തമിഴ്‌നാട്ടിലെ കൊലകൊമ്പ, മഞ്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ആദിവാസി യുവാക്കള്‍ മാവോയിസ്റ്റിലേക്ക് ചേക്കേറാന്‍ സാധ്യതയുള്ളതിനാല്‍ അത് തടയാനും തീരുമാനമായിട്ടുണ്ട്. നീലഗിരിയിലെ കൊലകൊമ്പയില്‍ ആദിവാസി ഗ്രാമത്തില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവര്‍ എത്തി കഴിഞ്ഞദിവസം നോട്ടീസ് പതിച്ചിരുന്നു.
ഓവാലി വനമേഖലയിലെ പെരിയശോല, മൂലക്കാട്, അംബ്ലിമല വനത്തിലാണ് കഴിഞ്ഞ ദിവസം പൊലിസ് പരിശോധന നടത്തിയത്. നാടുകാണി വരെയായിരുന്നു പരിശോധന. നീലഗിരി എസ്.പി മുരളിറംബ, ഗൂഡല്ലൂര്‍ ഡിവൈ.എസ്.പി ശ്രീനിവാസലു, സി.ഐമാരായ ശക്തിവേലു, ഓംപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 30 പേരാണ് സംഘത്തിലുണ്ടായിരുന്നത്. നടുവട്ടം വനത്തിലും പരിശോധന നടത്തി. സി.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഊട്ടിക്കടുത്ത മഞ്ചൂര്‍ മേഖലയില്‍ നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മഞ്ചൂര്‍ വനമേഖലയിലെ അപ്പര്‍ഭവാനി, കോരകുന്ദ, മുള്ളി, കിണ്ണകോരൈ തുടങ്ങിയ ഗ്രാമങ്ങളില്‍ പോലിസ് നിരന്തര പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."