സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അനില്‍ അക്കരയുടെ കത്ത്
വടക്കാഞ്ചേരി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, അനില്‍ അക്കര എം.എല്‍.എയുടെ കത്ത്.
കണ്ണൂരില്‍ ഷുഹൈബ് കൊലപാതകത്തിനു ശേഷം കേരളത്തെ ഞെട്ടിച്ച അരുംകൊലയാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റേത്. ഈ കേസിലെ യഥാര്‍ഥ ഘാതകരെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസില്‍ പൊതുസമൂഹത്തില്‍നിന്ന് നിരവധി സംശയങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതില്‍ ഏറ്റവും പ്രധാനം മുന്‍ എം.എല്‍.എ സൈമണ്‍ ബ്രിട്ടോയുടെ 'പൊലിസിന്റെ ഭാഗത്തു ഗുരുതര വീഴ്ച്ചയെന്നും അന്വേഷണ സംഘത്തിനു എസ്.ഡി.പി.ഐയെ ഭയമാണോ' എന്നുമുള്ള വാക്കുകള്‍.
ഈ വാക്കുകള്‍ പൊതുസമൂഹത്തിന്റെ കൂടി വികാരമാണ്.
പാര്‍ട്ടി കുടുംബത്തിലെ അംഗം കൂടിയായ അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതും ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയാത്തതും ഗുരുതരമായ വീഴ്ചയാണ്. ഒരു കാരണവശാലും മഹാരാജാസ് കോളജ് പോലുള്ള ഒരു കലാലയത്തില്‍ ഇങ്ങനെ ഒരു കൊലപാതകം നടത്താന്‍ വലിയ രീതിയിലുള്ള ഗൂഢാലോചനയില്ലാതെ കഴിയില്ല.
യു.എ.പി.എ ചുമത്താവുന്ന കേസുണ്ടായിട്ടുപോലും അതില്‍നിന്ന് പൊലിസ് പിന്മാറുന്നത് എന്തിനെയോ ഭയക്കുന്നതു കൊണ്ടാണ്. ഡി.വൈ.എഫ്.ഐ സമ്മേളനത്തിനായി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ നിരവധി തവണ തിരികെ വിളിച്ചതും സംശയമുളവാക്കുന്നുവെന്നും അനില്‍ അക്കര കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."