തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എം.പി
ആലപ്പുഴ: ഗൗഡ സാരസ്വാത ബ്രാഹ്മണ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ക്ഷേത്ര ഭരണം കൈയ്യടക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ച സാഹചര്യം ഭക്തജനങ്ങള്‍ക്കിടയിലും സമുദായ അംഗങ്ങള്‍ക്കിടയിലും വ്യാപകമായ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെയോ മറ്റു വരുമാന സ്രോതസുകളോ ഉപയോഗിക്കാതെ സമുദായ അംഗങ്ങള്‍ക്കിടയില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിച്ചു കാലാകാലങ്ങളായി നടത്തിവരുന്ന ക്ഷേത്രത്തിന്റെ ഭരണത്തിലിടപെടാനുള്ള സര്‍ക്കാര്‍ നീക്കം വളരെ ആശങ്കയോടെയാണു പൊതുസമൂഹം കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ എം.പി ചൂണ്ടിക്കാട്ടി.
സ്വര്‍ണപ്പല്ലക്കു നിര്‍മാണവുമായി ബന്ധപ്പെട്ട് 1996-2000 കാലത്തുണ്ടായ വിവാദത്തിന്റെ പേരില്‍ ലഭിച്ച ഒരു പരാതിയിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്, പരാതിയിന്മേല്‍ ഏതുതരത്തിലുള്ള അന്വേഷണം നടത്തുന്നതിനും നടപടിയെടുക്കുന്നതിനും സര്‍ക്കാരിന് അധികാരമുണ്ടെന്നിരിക്കെ, പരാതിയുടെ മറവില്‍ ക്ഷേത്രത്തെ തന്നെ പിടിച്ചെടുക്കാനുള്ള നീക്കം സ്വേച്ഛാധിപത്യപരമാണ്. ഈ പരാതിയില്‍ യുക്തമായ അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കുമേല്‍ നടപടിയെടുക്കുകയും വേണം.
ജനസംഖ്യാടിസ്ഥാനത്തിലും ഭാഷാടിസ്ഥാനത്തിലും ന്യുനപക്ഷമായ ഈ വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത സര്‍കാരിനുണ്ടെന്നിരിക്കെ അതിനുപകരം അവരുടെ സ്വത്തുവകകള്‍ കൈയ്യടക്കാനുള്ള നീക്കം തികച്ചും അപലപനീയമാണെന്ന് എം.പി പറഞ്ഞു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശുശ്രുഷ സ്ഥാപനങ്ങളുമുള്‍പ്പെടെ നടത്തിവരുന്ന ഈ സമുദായം വളരെ മാതൃകാപരമായ സേവന ചരിത്രമുള്ളവരാണെന്നത് സര്‍ക്കാര്‍ മറക്കരുതെന്നും ആയതിനാല്‍ ഈ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."