റാഫേല്‍: പാകിസ്താന് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയിട്ടില്ലെന്ന് ഫ്രാന്‍സ്
ന്യൂഡല്‍ഹി: റാഫേല്‍ വിമാനങ്ങള്‍ പറത്താന്‍ പാകിസ്താന് പൈലറ്റുമാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത തള്ളി ഫ്രാന്‍സ് രംഗത്ത്. അത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നു വ്യക്തമാക്കി ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ അലക്സാണ്ടര്‍ സെഗ്ലര്‍ രംഗത്തെത്തി. അത്തരം പരിശീലനങ്ങളെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി റാഫേല്‍ നിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്റെ ഇന്ത്യയിലെ ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.
ഖത്തര്‍ എയര്‍ഫോഴ്സ് വാങ്ങിയ റാഫേല്‍ വിമാനങ്ങള്‍ പറപ്പിക്കാന്‍ പാകിസ്താന് എക്സ്ചേഞ്ച് പൈലറ്റുമാര്‍ക്ക് ഫ്രാന്സില്വച്ചു പരിശീലനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രധാനമായും വ്യോമ മേഖലയിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന എ.ഐ.എന്‍ ഓണ്‍ലൈനാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ഇന്ത്യ ദസോള്ട്ടിനോടു വിശദീകരണം തേടിയിരുന്നു.
റാഫേല്‍ വിമാനം പറത്താന്‍ 2017ല്‍ ഖത്തറില്‍വച്ച് പാകിസ്താന് എക്സ്ചേഞ്ച് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയെന്നായിരുന്നു വാര്‍ത്ത. 2017 നവംബറില്‍ ഖത്തറില്‍ ആദ്യം പരിശീലനം നേടിയതില്‍ പാകിസ്താനി എക്സ്ചേഞ്ച് പൈലറ്റുമാര്‍ ഉണ്ടായിരുന്നെന്നായിരുന്നു വാര്‍ത്ത. ഇത്തരത്തില്‍ വിവിധ രാജ്യങ്ങള്‍ പാകിസ്താന് സൈനികരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താറുമുണ്ട്. തുടര്‍ന്നാണ് വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍ തന്നെ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."