സ്വപ്‌നയ്ക്ക് സ്വപ്‌നതുല്യമായ നിക്ഷേപമെന്നു എന്‍.ഐ.എ: പിടിയിലാകാന്‍ ഇനിയും വമ്പന്‍ സ്രാവുകള്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് വന്‍ നിക്ഷേപമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ
) കാടതിയില്‍. സ്വര്‍ണക്കടത്തിലൂടെ നേടിയ വന്‍തോതിലുള്ള സമ്പാദ്യം പണമായും സ്വര്‍ണമായും ബാങ്ക് ലോക്കറുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപിച്ചിരിക്കുകയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
സ്വപ്‌നയുടെ പേരിലുള്ള ബാങ്ക് ലോക്കറുകളില്‍ ആഭരണരൂപത്തിലും അല്ലാതെയുമുള്ള സ്വര്‍ണം വലിയ തോതില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.
കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്വപ്‌നയെയും കേസിലെ മറ്റൊരു മുഖ്യപ്രതിയായ സന്ദീപ് നായരെയും ഹാജരാക്കിയപ്പോഴാണ് എന്‍.ഐ.എ കോടതിയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചതായും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
ലോക്ക്ഡൗണ്‍ സമയത്തെ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ സ്വര്‍ണം രാജ്യത്തേക്ക് കടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു.
റമീസാണ് ഈ ആശയം മുന്നോട്ടുവച്ചതെന്ന് സന്ദീപ് മൊഴിനല്‍കിയെന്ന് എന്‍.ഐ.എ വെളിപ്പെടുത്തി.
സ്വര്‍ണക്കടത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രതികള്‍ വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെ കൈമാറിയിരുന്നെന്നും എന്നാല്‍ പിടിയിലാകുന്നതിനുമുമ്പ് ഈ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നെന്നും എന്‍.ഐ.എ വ്യക്തമാക്കി.
ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ സിഡാക്കിന്റെ സഹായത്തോടെ തിരികെ ശേഖരിച്ചിട്ടുണ്ട്.
ബംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതിനുമുമ്പ് പ്രതികള്‍ എറണാകുളത്ത് നാലിടങ്ങളില്‍ ഒളിച്ചുതാമസിച്ചിരുന്നു.
ആറ് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുമാണ് സ്വപ്ന സുരേഷില്‍നിന്ന് പിടിച്ചെടുത്തത്. ഇതില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഫേസ് ലോക്ക് ചെയ്തിരുന്നതിനാല്‍ സ്വപ്നയുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചു.
കേസിലെ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങളും അന്വേഷണത്തില്‍ തെളിഞ്ഞു. ഇരുവരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനകളുടെ വിശദാംശങ്ങള്‍ ചോദ്യം ചെയ്യലില്‍ സന്ദീപ്‌നായര്‍ വെളിപ്പെടുത്തിയതായും അന്വേഷണ സംഘം പറയുന്നു.
പല ഉന്നതരും കേസില്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്നും ഇതിനായി സ്വപ്‌നയേയും സന്ദീപിനേയും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍.ഐ.എ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു. അപേക്ഷ പരിഗണിച്ച കോടതി ഇരുവരുടെയും കസ്റ്റഡി കാലാവധി 24വരെ നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."