പുറമെ ശാന്തം, എങ്കിലും ഇടുക്കിയില്‍ പോരാട്ടം കനക്കും
തൊടുപുഴ: രണ്ടു ദിവസമായി പെയ്യുന്ന വേനല്‍മഴ മണ്ണ് ചെറുതായി തണുപ്പിച്ചെങ്കിലും സ്ഥാനാര്‍ഥികളുടെ ഉള്ളുതണുത്തിട്ടില്ല. അടിവാരം കടന്നെത്തുന്ന കാറ്റിനേക്കാള്‍ ശക്തിയുണ്ട് ഇവിടെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക്. തെരഞ്ഞെടുപ്പ് രംഗം പുറമെ ശാന്തവും തണുപ്പുമെന്ന് തോന്നുമെങ്കിലും പോളിങ് ദിനത്തില്‍ ഉറച്ച ബോധ്യത്തോടെ ബൂത്തുകളിലേക്ക് പോകുന്നവരാണ് ഇടുക്കിയിലെ ജനങ്ങള്‍. ഇതറിയാവുന്ന രാഷ്ട്രീയ കക്ഷികള്‍ വോട്ടുറപ്പിക്കാനുള്ള അക്ഷീണ യത്‌നത്തിലാണ്.
കടുത്ത വേനല്‍ ചൂടില്‍ വാടിപ്പോയേക്കാവുന്ന തെരഞ്ഞെടുപ്പു രംഗത്തിന് ഉണര്‍വേകാന്‍ മുന്നണികളുടെ മുന്‍നിര നേതാക്കള്‍ ഇടുക്കിയിലെത്തുന്നുണ്ട്. എ.കെ ആന്റണി, രമേശ് ചെന്നിത്തല, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ വരും ദിവസങ്ങളില്‍ എത്തും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി ഇടുക്കിയിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ട്രീയ ചരിത്രവും വോട്ടുകണക്കുകളും ചികഞ്ഞാല്‍ യു.ഡി.എഫിന് അനുകൂലമായ മണ്ഡലമാണിത്. എന്നാല്‍ കഴിഞ്ഞ തവണ കസ്തൂരിരംഗന്‍ വിരുദ്ധ പോരാട്ടത്തില്‍ യു.ഡി.എഫ് കോട്ടകള്‍ തകര്‍ന്നടിയുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഈ തോല്‍വിക്കു മധുര പ്രതികാരം ചെയ്യാനുള്ള അവസരമായാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് കാണുന്നത്. 2014ലെ സ്ഥാനാര്‍ഥികളെത്തന്നെയാണ് ഇരുമുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എം.പി ജോയ്‌സ് ജോര്‍ജും. എന്‍.ഡി.എയ്ക്ക് ഇക്കുറി പുതുമുഖമാണ്, ബി.ഡി.ജെ.എസിന്റെ ബിജു കൃഷ്ണന്‍.
1960കള്‍ മുതല്‍ ഇടുക്കിയുടെ താപനില ഉയര്‍ത്തിയിരുന്ന പട്ടയപ്രശ്‌നം പല സര്‍ക്കാരുകളുടെ ശ്രമഫലമായി ഒട്ടൊക്കെ പരിഹരിക്കപ്പെട്ടതും എല്ലാവരും തരം പോലെ പാടി നടക്കുന്ന കൈയേറ്റം കേട്ടുമടുത്ത പാട്ടായി മാറിയതും കസ്തൂരിരംഗന്റെ മൂര്‍ച്ച കുറഞ്ഞതും വിഷയ ദാരിദ്ര്യം ഉണ്ടാക്കുന്നു. രണ്ടു മാസത്തിനിടെയുണ്ടായ അഞ്ച് കര്‍ഷക ആത്മഹത്യകള്‍ എല്‍.ഡി.എഫിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ദേശസാല്‍കൃത ബാങ്കുകളുടെ ജപ്തി ഭീഷണിയാണ് ആത്മഹത്യകള്‍ക്കു കാരണമെന്നും അതില്‍ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും എല്‍.ഡി.എഫ് തിരിച്ചടിക്കുന്നു.
കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ ആശങ്കയും കോണ്‍ഗ്രസിന്റെ കത്തോലിക്കാ സഭയുമായുണ്ടായ ഭിന്നതയും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഇടുക്കിയില്‍ 2014ല്‍ ജോയ്‌സിലൂടെ ഇടതിന് അട്ടിമറി ജയം സമ്മാനിച്ചത്. പഴയ പ്രതാപമില്ലെങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതി വഴി കിട്ടാവുന്ന കത്തോലിക്കാ സഭാ വോട്ടുകളിലാണ് ഇത്തവണയും ജോയ്‌സിന്റെ നോട്ടം. എന്നാല്‍ കത്തോലിക്കാസഭ ഇക്കുറി തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് യു.ഡി.എഫ് പറയുന്നത്. ആരുടെയും പക്ഷം ചേരരുതെന്ന് ഇടുക്കി രൂപതാ ബിഷപ്പ് ആദ്യം തന്നെ പ്രഖ്യാപിച്ചത് യു.ഡി.എഫിന് ആശ്വാസമായി. എല്‍.ഡി.എഫിനെ മറികടക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതോടെ പ്രചാരണത്തിന്റെ ഗ്രാഫ് പൊടുന്നനെ ഉയര്‍ന്നു.
എല്‍.ഡി.എഫ് ഭരണത്തിലെ പോരായ്മകളാണ് യു.ഡി.എഫിന്റെ കുന്തമുന. ജില്ലയിലെ കര്‍ഷക ആത്മഹത്യ, കാര്‍ഷിക വിളകളുടെ വിലയിടിവ്, പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ച, കാര്‍ഷിക കടങ്ങളുടെ മോറട്ടോറിയം പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം, മണ്ഡലത്തിലെ വികസന മുരടിപ്പ് തുടങ്ങിയവയാണ് യു.ഡി.എഫിന്റെ പ്രധാന പ്രചാരണായുധങ്ങള്‍. എന്നാല്‍, ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 4,500 കോടിയുടെ വികസനം മണ്ഡലത്തില്‍ എത്തിച്ചു എന്ന അവകാശവാദമാണ് എല്‍.ഡി.എഫ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ വികസനത്തിന് ഫണ്ട് അനുവദിപ്പിക്കാനായതും ചരിത്രത്തില്‍ ആദ്യമായി സെന്‍ട്രല്‍ റോഡ് ഫണ്ടുള്‍പെടെ മണ്ഡലത്തില്‍ എത്തിക്കാനായതും സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തില്‍ കൊണ്ടുവന്നതെന്നും അക്കമിട്ടു നിരത്തിയാണ് മുന്നണിയുടെ പ്രചാരണം. ഇതിനു ുറമെ സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് അനുവദിച്ച 5,000 കോടിയുടെ പാക്കേജും എല്‍.ഡി.എഫ് മുഖ്യനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ പാക്കേജ് വെറും കടലാസുപുലിയാണെന്ന് യു.ഡി.എഫ് സമര്‍ഥിക്കുന്നു.
മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍, ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുതന്നെയാണ് തുറുപ്പുചീട്ടാക്കുന്നത്. ഇതോടൊപ്പം മണ്ഡലത്തിന് അനുവദിച്ച കേന്ദ്രഫണ്ടും ബി.ജെ.പി ഭരണത്തിന്റെ പ്രധാന നേട്ടമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
2009ല്‍ കോണ്‍ഗ്രസിലെ പി.ടി തോമസ് 74,796 വോട്ടുകള്‍ക്ക് വിജയിച്ച ഇടുക്കിയാണ് ഉരുള്‍പൊട്ടല്‍ പോലെ യു.ഡി.എഫില്‍ നിന്നും 2014ല്‍ ഒലിച്ചുപോയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 37,371 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്തായിരുന്നു ഈ തിരിച്ചടി. അതേസമയം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് പ്രതീക്ഷ പകരുന്നു. ഏഴില്‍ അഞ്ചു മണ്ഡലങ്ങളും എല്‍.ഡി.എഫിനെ തുണച്ചെങ്കിലും 19,068 വോട്ടിന്റെ മേല്‍ക്കൈ യു.ഡി.എഫ് നേടി.
1977ല്‍ മണ്ഡലം പിറന്നതു മുതല്‍ 1999 വരെ ഒരിക്കലൊഴികെ ഇടുക്കി യു.ഡി.എഫിനൊപ്പമായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാവും ജനതാ ഭരണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവുമായിരുന്ന സി.എം സ്റ്റീഫനായിരുന്നു ആദ്യ വിജയി.
ആന്റണി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍.ഡി.എഫിലായിരുന്ന 1980 ല്‍ സി.പി.എമ്മിന്റെ എം.എം ലോറന്‍സ് പാര്‍ലമെന്റിലെത്തി. പക്ഷെ പിന്നീട് അഞ്ച് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എന്നാല്‍ 1999ല്‍ ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസിന്റെ കരുത്തനായ പി.ജെ കുര്യനെ 9,298 വോട്ടുകള്‍ക്ക് അടിയറവ് പറയിച്ചു. 2004ല്‍ ബെന്നി ബെഹനാനെ 69,384 വോട്ടുകള്‍ക്ക് കീഴ്‌പ്പെടുത്തി വീണ്ടും പാര്‍ലമെന്റിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന് 2009ല്‍ പി.ടി തോമസിനു അടിതെറ്റി.
പരസ്പരം ആരോപണപ്രത്യാരോപണങ്ങളുമായി വിജയം കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങളുമായി മുന്നണികള്‍ ആവനാഴിയിലെ അവസാന ആയുധവും എടുത്തു പ്രയോഗിക്കുമ്പോള്‍ ഇടുക്കിയില്‍ മത്സരം തീ പാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."