സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹം
വാഷിങ്ടണ്‍: മാസ്ക് ധരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന പ്രസ്താവനയില്‍നിന്ന് മലക്കംമറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമാണെന്നു പറഞ്ഞ ട്രംപ് തന്നേക്കാള്‍ വലിയ ദേശസ്നേഹിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. മാസ്ക് ധരിച്ച ഫോട്ടോ ട്വീറ്റ് ചെയ്താണ് ട്രംപിന്റെ ചുവടുമാറ്റം. ഈമാസമാദ്യം ദേശീയ സൈനിക ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോയാണിത്.
മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണെന്നും ഒരിക്കലും അവരെ താനതിന് നിര്‍ബന്ധിക്കുകയില്ലെന്നും കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മാസ്ക് അണിഞ്ഞ് ദേശഭക്തനാണെന്ന അവകാശവാദത്തോടെ ട്രംപ് എത്തിയത്.
'ചൈനയുടെ വൈറസിനെതിരായ പ്രവര്‍ത്തനത്തില്‍ നാം ഒറ്റക്കെട്ടാണ്. നിരവധി ആളുകള്‍ പറയുന്നുണ്ട് ദേശസ്നേഹമുള്ളവര്‍ മാസ്ക് ധരിക്കുമെന്ന്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമാണ്'-അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ട്രംപ് പൊതുവേദികളില്‍ മാസ്ക് ധരിച്ചിരുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ച അമേരിക്കയിലാണ് കൂടുതല്‍ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവിടെ 39,61,805 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും 1,43,864 പേര് മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."