വയനാട്ടില്‍ രാഹുല്‍: തിരക്കഥ ഉമ്മന്‍ചാണ്ടിയുടേതെന്ന് ശരദ് പവാര്‍: മോദി രാഹുല്‍ പോരാട്ടത്തിന്റെ തിളക്കം കുറച്ചത് ഈ തീരുമാനമെന്നും പവാര്‍
മുംബൈ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തിരക്കഥയൊരുക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരായിരുന്നു. തന്റെ അഭ്യര്‍ത്ഥന അവഗണിച്ചാണ് രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ ഇത്തവണ മോദി രാഹുല്‍ പോരാട്ടം ഇല്ലാതായി. ഈ തീരുമാനം അതിന്റെ തിളക്കം കുറച്ചു. മോദിക്കെതിരെ രംഗത്തുള്ളവരുടെ നിരയില്‍ ഒരാള്‍ മാത്രമായി രാഹുല്‍ ഗാന്ധി ചുരുങ്ങിയെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാരുണ്ടായാല്‍ പ്രധാനമന്ത്രി പദം താന്‍ ആവശ്യപ്പെടില്ലെന്നും ശരദ് പവാര്‍ ഏഷ്യാനെറ്റ് ചാനലിനോട് പറഞ്ഞു.
ഇതോടെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന് ഗുണം ചെയ്തില്ലെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം നിര്‍ണായക ഘട്ടത്തില്‍ ഇടതുപക്ഷം സഹായവുമായി എത്തിയില്ലെങ്കില്‍ അവിടെയും പ്രതിക്കൂട്ടിലാകുക ഉമ്മന്‍ ചാണ്ടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടത് പാര്‍ട്ടികള്‍ ബിജെപിക്കെതിരാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു പ്രശ്നം ഉണ്ടാകാതിരിക്കുക എന്നത് പ്രതിപക്ഷ നിരയിലെ എല്ലാരുടേയും ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.
ഇതറിഞ്ഞ് താന്‍ രാഹുലിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. പക്ഷേ ഉമ്മന്‍ചാണ്ടിയാണ് രാഹുല്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തില്‍ മുഖ്യ പങ്ക് വഹിച്ചതെന്നും ശരദ് പവാര്‍ പറഞ്ഞു. രാഹുല്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ വയനാടിന് പകരം തൊട്ടടുത്ത കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതായിരുന്നു നല്ലത് എന്നായിരുന്നു തന്റെ അഭിപ്രായമെന്നും ശരദ് പവാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."