അടക്കിമുറി നിലച്ചു; വനം വകുപ്പ് സെന്‍ട്രല്‍ നഴ്‌സറിയില്‍ തൈകളുടെ എണ്ണം കുറച്ചു
നിലമ്പൂര്‍: തേക്കുപ്ലാന്റേഷനുകളില്‍ അടക്കിമുറി പ്രവൃത്തികള്‍ യഥാസമയം നടക്കാത്തതിനാല്‍ വനംവകുപ്പു നഴ്‌സറികളില്‍ തൈ ഉല്‍പാദനം നാമമാത്രമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷം തേക്കുതൈകള്‍ ഉല്‍പ്പാദിപ്പിച്ച സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കരിമ്പുഴ വള്ളുവശ്ശേരിയിലെ സെന്‍ട്രല്‍ നഴ്‌സറിയില്‍ ഈ വര്‍ഷം ഉല്‍പ്പാദിപ്പിച്ചതു വെറും രണ്ടരലക്ഷം തേക്കുതൈകള്‍ മാത്രമാണ്.
മലപ്പുറം, പാലക്കാട് ജില്ലകളിലെ വനംവകുപ്പിന്റെ പ്ലാന്റേഷനുകളിലേക്കാണു കഴിഞ്ഞ വര്‍ഷം ഈ തേക്കുകള്‍ കൊണ്ടുപോയത്. തേക്കുതൈകള്‍ക്കു പുറമെ ഒരു ലക്ഷം മഹാഗണി തൈകളും 45000 അക്വേഷ്യ തൈകളും നഴ്‌സറിയില്‍ ഒരുക്കിയിരുന്നു. 2.45 ലക്ഷം തേക്കു തൈകള്‍ മാത്രമാണ് ഇതിനകം വനം വകുപ്പിന്റെ വിവിധ പ്ലാന്റേഷനുകളിലേക്കായി കൊണ്ടുപോയിട്ടുള്ളത്. ഈ വര്‍ഷം ഉല്‍പ്പാദിപ്പിച്ചതില്‍ പതിനായിരം തൈകളാണു നഴ്‌സറിയില്‍ അവശേഷിക്കുന്നത്.
മുന്‍വര്‍ഷങ്ങളിലെ പ്ലാന്റേഷനിലെ കേടുവന്ന തൈകള്‍ക്കു പകരംവെക്കാനാണ് ഈ തൈകള്‍ നീക്കിവച്ചിട്ടുള്ളത്. വനത്തിലെ മരങ്ങളുടെ ആയുസ് കണക്കാക്കി അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്ലാന്റേഷനുകളാണ് ഇത്തരത്തില്‍ അടക്കിമുറി നടത്തുക. അടക്കിമുറികൂടാതെ പത്തുവര്‍ഷം ഇടവിട്ട് പ്ലാന്റേഷനുകളില്‍ ഇടമുറി നടത്താറുണ്ട്. എന്നാല്‍ സര്‍ക്കിള്‍ തലത്തിലുണ്ടായ അലംഭാവമാണ് നിലവില്‍ അടക്കിമുറി നിലക്കാന്‍ കാരണം.
ലോകപ്രശസ്തമായതും ഭൂസൂചിക രജിസ്‌ട്രേഷനു പരിഗണനയിലുള്ളതുമായ നിലമ്പൂര്‍ തേക്കുകളുടെ വിത്തുകളുപയോഗിച്ചാണു പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. റീ പ്ലാന്റേഷന്‍ താളംതെറ്റുന്നതോടെ നിലമ്പൂരിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ തേക്കുതോട്ടങ്ങളുടെ ഭാവി അവതാളത്തിലാവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."