കണ്‍സള്‍ട്ടന്‍സികളുെട രംഗപ്രവേശനം
അഴിമതി രഹിത ഭരണം എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയതാണ് പിണറായി വിജയന്‍ എന്ന കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രി. അഴിമതി രഹിതം എന്ന് പേരെടുക്കാന്‍ അന്നത്തെ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെയും ഒപ്പം കൂട്ടി. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുറംകരാറുകാരുമെല്ലാം പടിക്കു പുറത്തായി. എന്നാല്‍, കൂടുതല്‍ നാള്‍ നീണ്ടില്ല, മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടനാഴികളില്‍ 'വിശ്വസ്തരായ' ഉദ്യോഗസ്ഥരെ കൊണ്ട് നിറഞ്ഞു. ഭരണത്തിന്റെ വളയം ഒരു പറ്റം ഉദ്യോഗസ്ഥരിലെത്തി. താമസിയാതെ തന്നെ മഞ്ഞ കാര്‍ഡും, ചുവപ്പു കാര്‍ഡും ഇറക്കി കളിച്ച ജേക്കബ് തോമസ് പുറത്തായി. പിന്നീട് കാണുന്നത് അവതാരങ്ങളുടെ വരവാണ്. ചെറുതും വലുതുമായ കരാറുകാര്‍ പേപ്പര്‍ കമ്പനികളും കണ്‍സള്‍ട്ടന്‍സികളുമായി പറന്നിറങ്ങി. വ്യവസായ ഇടനാഴി, ലോകബാങ്ക് സഹായം, ഐ.ടി പദ്ധതികള്‍, അന്താരാഷ്ട്ര കമ്പനികള്‍... അങ്ങനെ നീളുന്നു അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍വച്ച പദ്ധതികള്‍. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല. ഒരു വശത്തു കൂടി കരാറുകാരും കണ്‍സള്‍ട്ടന്‍സികളും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആധിപത്യം ഉറപ്പിച്ചു. ചെറുതും വലുതുമായ പദ്ധതികള്‍ക്കായി പേപ്പര്‍ കമ്പനികളുടെ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്ക് വാരിക്കോരി നല്‍കി. അടച്ചുപൂട്ടിയ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിവരങ്ങള്‍ ഒന്നും പുറത്തേക്ക് വന്നില്ല. ഇതിനിടയിലാണ് കെ.പി.എം.ജിയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും പിടിമുറുക്കുന്നത്. പ്രളയം വന്നതോടെ കെ.പി.എം.ജി ആധിപത്യം ഉറപ്പിച്ചു. ബ്ലാക്ക് ലിസ്റ്റില്‍ പെട്ടിട്ടും കണ്ണൂര്‍ വിമാനത്താവളം മുതല്‍ എല്ലാം അവര്‍ക്ക് തീറെഴുതി. പാര്‍ട്ടിയിലും മുന്നണിയിലും ആലോചിക്കാതെ ഉദ്യോഗസ്ഥരുടെ ചൊല്‍പ്പടിയിലായി മുഖ്യമന്ത്രി. ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഫയലില്‍ ഒപ്പിടുക മാത്രമായി മുഖ്യമന്ത്രി മാറിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പറയുന്നത് മറ്റാരുമല്ല, പാര്‍ട്ടിയുടെ ഒരു സെക്രട്ടേറിയറ്റ് മെമ്പര്‍ തന്നെയാണ്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെ പിടികൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിനെ കേന്ദ്രീകരിച്ച് നടന്ന കച്ചവടങ്ങള്‍ ഓരോന്നായി ഇപ്പോള്‍ പുറത്തുവരികയാണ്. വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ സര്‍ക്കാരിന്റെ വിവിധ വന്‍കിട പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സിയായി നിയോഗിക്കപ്പെട്ടതിനു പിന്നിലും ഉപദേശക, ഉദ്യോഗസ്ഥ സ്വാധീനങ്ങള്‍ പ്രകടമാണ്. സെക്രട്ടേറിയറ്റിലെ മിടുക്കന്മാരായ ഉദ്യോഗസ്ഥരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി നടത്തിയിരുന്ന ആലോചനകളും പരിശോധനകളും കണ്‍സള്‍ട്ടന്‍സി കരാറുകളിലേക്ക് എത്തിച്ചു എന്നതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ 'മേന്മ'. കണ്‍സള്‍ട്ടന്‍സിക്കു പുറമെ ടോട്ടല്‍ സര്‍വിസ് പ്രൊവൈഡര്‍, പ്രൊജക്ട് അപ്രൈസല്‍, സ്‌പെഷല്‍ സര്‍വിസ് വെഹിക്കിള്‍, അക്രെഡിറ്റഡ് ഏജന്‍സി എന്നിവയൊക്കെ സ്വാധീനങ്ങളുടെയും അതുവഴിയുള്ള അഴിമതിയുടെ വൈവിധ്യമാര്‍ന്ന കൈവഴികള്‍ക്കും അവസരമൊരുക്കി. കണ്‍സള്‍ട്ടന്‍സി ഏജന്‍സികളുടെ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ ആവശ്യമായി വരുന്ന പദ്ധതികള്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ക്കു പോലും കണ്‍സള്‍ട്ടന്‍സികളെ നിയമിച്ച് ഖജനാവിനു തന്നെ പിണറായി സര്‍ക്കാര്‍ ബാധ്യതയായി.
നിലവില്‍ സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴില്‍ അന്‍പതിലധികം കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനു പുറമെയാണ് അക്രഡിറ്റഡ് ഏജന്‍സികളുടെ പ്രവര്‍ത്തനം. പിണറായി സര്‍ക്കാര്‍ ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന കിഫ്ബി അനധികൃത നിയമനങ്ങളുടെയും പുറംകരാറുകളുടെയും കേന്ദ്രമാണ്. പ്രൊജക്ട് അപ്രൈസല്‍ നടത്തുന്നതിന് ടെറാനസ് എന്ന കമ്പനിയാകട്ടെ രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കിഫ്ബിയുടെ കരാര്‍ ഏറ്റെടുക്കുന്ന നിലയിലേക്കെത്തി. കിഫ്ബിയില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഏറ്റെടുത്ത പല ജോലികളും പുറംകരാര്‍ നല്‍കുകയായിരുന്നു.
തന്റെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് നിയോഗിച്ചെന്നു പറഞ്ഞ സ്പ്രിംഗ്ലര്‍ കരാറുമായുള്ള ഇടപാടിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ഇ - മൊബിലിറ്റി പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സിയായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ തെരഞ്ഞെടുക്കുന്നതിന് ആഗോള ടെന്‍ഡര്‍ വിളിക്കുകയോ, മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്ക് സൊലൂഷന്‍സ് എന്ന ഐ.ടി കമ്പനിയുടെ കണ്‍സല്‍ട്ടന്റ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ ഡയരക്ടര്‍മാരിലൊരാളായ ജെയ്ക് ബാലകുമാറാണ് എന്നത് പരസ്യമായതാണ്. ടെന്‍ഡറില്ലാതെയാണ് കോടികളുടെ കരാര്‍ പല കമ്പനികള്‍ക്കും നല്‍കിയിട്ടുള്ളത്. വന്‍കിട പദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്‍സി കൊടുക്കണമെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നാണ് മാനദണ്ഡം. എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടില്ല. പല വകുപ്പുകളില്‍ കരാറായതിനു ശേഷമാണ് മറ്റു വകുപ്പ് മന്ത്രിമാര്‍ പോലും അറിയുന്നത്. മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യില്ല. എല്ലാം മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിക്കും. എന്തിനേറെ നിയമ വകുപ്പ് പോലും അറിയില്ല.
2019 ജൂലൈ നാലിന് വേണ്ടപ്പെട്ടവര്‍ ഉള്‍പ്പെട്ട 45 കമ്പനികളെ അക്രഡിറ്റഡ് ഏജന്‍സികളാക്കി. സ്വന്തമായി പ്രവൃത്തികള്‍ ചെയ്യാന്‍ സാങ്കേതികമായി കഴിവില്ലെങ്കിലും വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നത് വമ്പന്‍ കരാറുകളാണ്. സിഡിറ്റ് കാലാകാലങ്ങളില്‍ ചെയ്യുന്നതുപോലെ കരാറുകള്‍ ഏറ്റെടുത്തശേഷം അത് പുറംകരാര്‍ നല്‍കി ലാഭമുണ്ടാക്കുകയാണ് ചെയ്യുക. ഇതിലൂടെ രണ്ടിരട്ടി ലാഭത്തിന് സര്‍ക്കാരിന്റെ പല പദ്ധതികളും നല്‍കേണ്ടിവരുന്നു. കണ്‍സള്‍ട്ടന്‍സി മാത്രമല്ല, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട് ഇടതു സര്‍ക്കാര്‍.വേണ്ടപ്പെട്ടവരെ നിയമിക്കാന്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ ഉണ്ടാക്കുന്നു. ആദ്യം കരാറില്‍, പിന്നീട് സ്ഥിരപ്പെടുത്തല്‍. ലക്ഷക്കണക്കിന് പേര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റി തൊഴിലിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ഇഷ്ടക്കാര്‍ പ്രധാന തസ്തികകളില്‍ കരാറിലെത്തുന്നത്.
സ്വന്തക്കാര്‍ക്കായി വഴിമാറും
നിയമനങ്ങള്‍
സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ പഠിക്കാന്‍ നിയോഗിച്ച സുനില്‍ മാണി കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം തന്നെ അട്ടിമറിച്ചാണ് പുതിയ നിയമനങ്ങള്‍. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കെഫോണ്‍ എന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്... അങ്ങനെ നീളുന്നു. താല്‍ക്കാലികക്കാരെ തിരുകിക്കയറ്റുന്നതിനായി തസ്തികകള്‍ സൃഷ്ടിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് എത്തുന്ന ഫയലായതിനാല്‍ ധന വകുപ്പില്‍ കാത്തു കിടക്കില്ല. സെക്രട്ടേറിയറ്റിലും താല്‍ക്കാലികമായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചറിലേക്കു വരെ ആളുകളെ തിരുകിക്കയറ്റി. ഇതില്‍ ഭൂരിഭാഗവും മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ശിവശങ്കറിന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഇതെല്ലാം നടക്കുകയെന്ന് ചോദിക്കരുത്.
ഇ - ഓഫിസ് വന്നതോടെ സെക്രട്ടേറിയറ്റില്‍ മാത്രം ഇപ്പോള്‍ 554 അറ്റന്‍ഡര്‍മാരും 204 കംപ്യൂട്ടര്‍ അസിസ്റ്റന്റുമാരും അധികമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഡി.ആര്‍.ഡി.എ, പെര്‍ഫോമന്‍സ് ഓഡിറ്റ്, അച്ചടിവകുപ്പ്, കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി, സ്റ്റേഷനറി വകുപ്പ് എന്നിവിടങ്ങളിലും അധികം ജീവനക്കാരുണ്ട്. ജലസേചനവകുപ്പില്‍ ഒട്ടേറെപ്പേര്‍ പണിയൊന്നുമില്ലാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിയിരുപ്പുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ആരോഗ്യവകുപ്പിന് മാത്രം 8,229 താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി. കൊവിഡ് പ്രതിരോധമെന്ന പേരിലാണ് ഇവരെയൊക്കെ നിയമിച്ചിരിക്കുന്നത്. ഇതില്‍ 2,948 താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയിരിക്കുന്നത് ദേശീയ ആരോഗ്യ മിഷനിലാണ്. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് പാടില്ലെന്നായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനുമായി 73,845 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവാക്കുന്നുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
2016ല്‍ കെ.എം എബ്രഹാം ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കെ, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്നു ചൂണ്ടിക്കാട്ടി എല്ലാ വകുപ്പു മേധാവികള്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു കെ.എം എബ്രഹാം വിരമിച്ചതിനു ശേഷം കിഫ്ബിയില്‍ സ്വന്തമായി തീരുമാനിച്ച ശമ്പളത്തില്‍ ലാവണം ഉറപ്പിച്ചപ്പോള്‍ ഇവിടെ താല്‍ക്കാലിക ജീവനക്കാരെ ഇഷ്ടം പോലെ നിയമിച്ചു. അതും വേണ്ടപ്പെട്ടവര്‍. ഇവരെയും സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
അവസാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."