ചെങ്ങാലൂരില്‍ തണ്ണീര്‍ത്തടം നികത്തുന്നത് തടഞ്ഞു; വാര്‍ഡ് മെംബറെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി
പുതുക്കാട്: ചെങ്ങാലൂരില്‍ തണ്ണീര്‍ത്തടം നികത്തുന്നത് തടയാനെത്തിയ വാര്‍ഡ് മെംബറെ മണ്ണ് മാഫിയ ടിപ്പര്‍ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പുതുക്കാട് പഞ്ചായത്തംഗം തോബി തോട്യാനാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
ചെങ്ങാലൂര്‍ കുട്ടാടന്‍ പാടത്ത് കളിമണ്ണെടുത്ത സ്ഥലത്ത് പൊടിമണ്ണ് അടിച്ച് നികത്തുന്നത് തടയാനെത്തിയ മെംബറെയാണ് മണ്ണ് മാഫിയകള്‍ ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മെംബര്‍ തന്റെ ബൈക്കുമായി ലോറിയെ തടയാന്‍ ശ്രമിക്കുകയായിരുന്നു. പൊലിസ് എത്തിയിട്ട് ലോറി എടുത്താല്‍ മതിയെന്ന് മെംബര്‍ പറഞ്ഞയുടനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ലോറി മുന്നോട്ട് എടുക്കുകയായിരുന്നു. മെംബര്‍ പെട്ടെന്ന് ഓടിമാറിയതുമൂലം അപകടത്തില്‍നിന്ന് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.കാലിന് പരുക്കേറ്റ മെംബര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മേഖലയിലെ ഗുണ്ടകളുടെ നേതൃത്വത്തിലാണ് മണ്ണ് മാഫിയ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മെംബര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പൊലിസിന് പരാതി നല്‍കിയതായും മെംബര്‍ പറഞ്ഞു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് കുട്ടാടന്‍ പാടത്ത് കളിമണ്‍ ഖനനവും നികത്തലും നടക്കുന്നത്. രാത്രിയും പകലുമില്ലാതെ നിരവധി ടിപ്പര്‍ ലോറികളാണ് മണ്ണുമായി ചീറിപായുന്നത്.
ഗുണ്ടകളുടെ സഹായത്തോടെ മണ്ണ് മാഫിയകള്‍ മേഖലയില്‍ പിടിമുറുക്കിയിട്ടും പൊലിസ് പ്രശ്‌നത്തില്‍ ഇടപ്പെടുന്നില്ലെന്നും തോബി തോട്യാന്‍ പറഞ്ഞു. ചെങ്ങാലൂര്‍ വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി തണ്ണീര്‍ത്തടം നികത്തല്‍ നിര്‍ത്തിവയ്പ്പിച്ചു.
മെംബറെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നും അനധികൃതമായി തണ്ണീര്‍ത്തടം നികത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."