സംസ്ഥാനപാതയില്‍ ജൈവ വിശ്രമ പാര്‍ക്ക് ഒരുങ്ങുന്നു
ഇരിക്കൂര്‍: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയില്‍ വളവ് പാലം മണ്ണൂര്‍ കടവ് പാലം സൈറ്റില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ജൈവ വിശ്രമ പാര്‍ക്കിന്റെ പണി തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി മേഖലയില്‍നിന്ന് ഇരിക്കൂര്‍ വഴി മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മണ്ണൂര്‍കടവ് പാലത്തിനോട് ചേര്‍ന്നാണു പാര്‍ക്ക് രൂപപ്പെടുന്നത്. പിന്‍ഭാഗം ഇരിക്കൂര്‍ പുഴക്കരയുമാണ്. ഇരിക്കൂര്‍, പടിയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി കൂടിയാണ് ഈ മേഖല. വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കും മടങ്ങുന്നവര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാന്‍ ഈ പാര്‍ക്ക് ഉപകരിക്കും.
പുഴയോട് ചേര്‍ന്ന ഭാഗം മണ്ണിട്ട് നിരപ്പാക്കിയാക്കി കയര്‍ കവചം വിരിച്ചാണു ജൈവ വിശ്രമപാര്‍ക്ക് തയാറാക്കുന്നത്. ഇതിന് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ചിട്ടുണ്ട്. നിലത്ത് പൂര്‍ണമായും കയര്‍ കവചം വിരിച്ച് കോണ്‍ക്രീറ്റ് ബെഞ്ചുകള്‍ സ്ഥാപിക്കും. നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഇരുന്ന് വിശ്രമിക്കാന്‍ ഇതു സഹായിക്കും. പുഴയോരത്തിന്റെ ഇടിച്ചില്‍ തടയാന്‍ മുളക്കാടുകള്‍ വച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്. ഇരിക്കൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ജൈവ വിശ്രമപാര്‍ക്ക് ഉണ്ടാക്കുന്നതിനു പ്രത്യേകം തുക മാറ്റിവച്ചിട്ടുണ്ട്.
ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മണ്ണൂര്‍ കടവ് പാലം സൈറ്റ് ടൂറിസ്റ്റുകള്‍ക്കും മറ്റും വൈകിട്ട് കാറ്റ് കൊള്ളാനും വിരമിക്കാനും നിരവധി പേര്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. കണ്ണൂര്‍ വിമാനത്താവളം, പഴശ്ശി അണക്കെട്ട്, മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം, പെരുമണ്ണ് മത്സ്യ ഊട്ടുകേന്ദ്രം തുടങ്ങി നിരവധി കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ഈ ജൈവ വിശ്രമപാര്‍ക്ക് ഏറെ ഉപകാരപ്പെടും. ഭാവിയില്‍ ജില്ലയില്‍ തന്നെ അറിയപ്പെടുന്ന പ്രധാന പാര്‍ക്കായി ഇതു മാറുകയും ചെയ്യും. അടുത്തമഴക്കാലത്തിനു മുന്‍പ് തന്നെ ജൈവ വിശ്രമ പാര്‍ക്കിന്റെ പണി പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."