ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ കേരളം പുറത്ത്
കോഴിക്കോട്: ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ കേരളവും നിലവിലെ ചാംപ്യന്മാരായ ബംഗാളും ഫൈനല്‍ കാണാതെ പുറത്ത്. വടക്ക് കിഴക്കന്‍ ശക്തികളായ മേഘാലയയും മിസോറമും നാളെ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന കേരളം-മേഘാലയ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ നാലാം മിനുട്ടില്‍ മേഘാലയുടെ പകരക്കാരന് ബാങ്കിസണാണ് ഗോള്‍ നേടിയത്. തിരിച്ചടിക്കാനുള്ള കേരളത്തിന്റെ അവസാന ശ്രമവും വിഫലമായതോടെ കേരളം നിരാശരായി മടങ്ങി.
തുടക്കം മുതല്‍ മത്സരത്തില്‍ കേരളത്തിനായിരുന്നുമേല്ക്കൈ. എന്നാല്‍ ഫിനിഷിങിലെ പിഴവുകള്‍ ആവര്‍ത്തിച്ചത് ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കി. കേരളത്തിന് വേണ്ടി പ്രതിരോധ താരം ഷാഹില്‍ നിരവധി അവസരങ്ങള്‍ക്ക് വഴി തുറന്നെങ്കിലും സഹതാരങ്ങള്‍ ഇത് പാഴാക്കി. അതേസമയം നിലവിലെ ചാംപ്യന്മാരായ ബംഗാളിനെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് മിസോറം പരാജയപ്പെടുത്തിയത്. മിസോറമിന് വേണ്ടി ലാംല് റാം പുയ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സോസംഗ്പുയ,ലത്ലോമ, ലാല്‍ നൂണ് സംഗ എന്നിവര്‍ ഓരോ ഗോള്‍ സ്വന്തമാക്കി. ബംഗാളിന് വേണ്ടി മുഹമ്മദ് ഓഷിം അലിയും സജല്ബാഗുമാണ് ഗോളുകള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."