HOME
DETAILS
MAL
കിന്നിംഗാറിലെ കരിങ്കല്‍ ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ല
backup
April 12 2019 | 06:04 AM
ബെള്ളൂര്‍: ബെള്ളൂര്‍ പഞ്ചായത്തിലെ കിന്നിംഗാര്‍ ദൊമ്പത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇന്നലെ ചേര്‍ന്ന 13 അംഗ ഭരണസമിതി യോഗത്തില്‍ ബി.ജെ.പിയുടെ ഒന്‍പത് അംഗങ്ങള്‍ ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെ നാല് അംഗങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. ഇതോടെ ഒന്‍പത് അംഗങ്ങളുടെ പിന്തുണയോടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
അതേസമയം, കഴിഞ്ഞ മാസം 29ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ നാല് അംഗങ്ങളുടെ അഭാവത്തില്‍ സി.പി.എമ്മിന്റെ നാല് അംഗങ്ങളും ബി.ജെ.പിയുടെ അഞ്ച് അംഗങ്ങളും ചേര്‍ന്ന് ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനിച്ചിരുന്നു.
ഇത് പ്രദേശിക ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ അമര്‍ഷത്തിന് വഴിവച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രദേശികഘടകം വിട്ടു നില്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ബി.ജെ.പി ജില്ലാ ഘടകം ഇടപെട്ടു. അടിയന്തിരമായി ഭരണസമിതി യോഗം വിളിച്ചുചേര്‍ത്ത് ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും യോഗത്തില്‍ പങ്കെടുക്കാന്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയുമായിരുന്നുമെന്നാണ് സൂചന.
സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ക്വാറി നാടിന് ആപത്താണെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ ജനകീയ സമിതി രൂപീകരിച്ച് സമരത്തിനിറങ്ങിയിരുന്നു. കരിങ്കല്‍ പൊട്ടിക്കുമ്പോള്‍ ചീളുകള്‍ വീടുകള്‍ക്ക് മുകളില്‍ തെറിച്ചു വീഴുന്നുവെന്നും അമോണിയം നൈട്രേറ്റ് ഉപയോഗിച്ചും ഇലക്ട്രിക്കല്‍ സംവിധാനത്തിലും പാറപൊട്ടിക്കുന്നത് വലിയ ശബ്ദമുണ്ടാക്കുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
നിലവില്‍ ക്വാറിക്ക് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റ് 2026 വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സ് ട്രേഡ് വര്‍ഷം തോറും പരിശോധന നടത്തി ലൈസന്‍സ് നല്‍കിയാല്‍ മാത്രമെ ക്വാറി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."