പുതിയ റവന്യൂ ഡിവിഷന് ഓഫിസ് തളിപ്പറമ്പില്‍ തന്നെ
തളിപ്പറമ്പ്: ജില്ലയില്‍ പുതുതായി അനുവദിച്ച റവന്യൂ ഡിവിഷന് ഓഫിസ് തളിപ്പറമ്പില്‍ തന്നെ സ്ഥാപിക്കാന്‍ ഉത്തരവായി. ഓഫിസിന് ആവശ്യമായ കെട്ടിടം കണ്ടെത്താന്‍ സംസ്ഥാന ലാന്റ് റവന്യൂ കമ്മിഷണര്‍ കലക്ടറോട് രേഖാമൂലം ആവശ്യപ്പെട്ടു.
താല്‍ക്കാലിക കെട്ടിടം കണ്ടെത്താനുളള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. സംസ്ഥാനത്ത് പുതുതായി അഞ്ച് റവന്യൂ ഡിവിഷനുകളാണ് അനുവദിച്ചിട്ടുള്ളത്. തളിപ്പറമ്പ് താലൂക്കിലെയും നര്ദിഷ്ഠ പയ്യന്നൂര്‍ താലൂക്കിലെയും 44 വില്ലേജുകള്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് റവന്യൂ ഡിവിഷന് രൂപീകരിക്കുക എന്ന നിര്‍ദേശത്തോടൊപ്പം കണ്ണൂര്‍-ഇരിട്ടി താലൂക്കുകളുടെ ചില ഭാഗങ്ങള്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷനില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിച്ച് 50 വില്ലേജുകള്‍ ഉള്‍പ്പെടുത്തി പുതിയ തളിപ്പറമ്പ് റവന്യൂ ഡിവിഷനും പയ്യന്നൂര്‍ ഫര്‍ക്കയിലെ 16 വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളി, പാണപ്പുഴ, ചെറുതാഴം, കുഞ്ഞിമംഗലം വില്ലേജുകള്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ താലൂക്കും രൂപീകരിക്കാനുളള പ്രപ്പോസല്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. ജില്ലയില്‍ ഇന്ന് നിലവിലുള്ള തലശേരിയിലെ റവന്യൂ ഡിവിഷന് ആസ്ഥാനത്തേക്ക് തളിപ്പറമ്പ് താലൂക്കിലെ വിവിധ വില്ലേജുകളില്‍ നിന്ന് 40 മുതല്‍ 85 കിലോമീറ്റര്‍ വരെ ദൂരമുണ്ട്. എന്നാല്‍ ഇതര താലൂക്കുകളില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തന്നെ തലശ്ശേരിയിലെത്താം. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് തളിപ്പറമ്പ് ആസ്ഥാനമായി പുതിയ റവന്യൂ ഡിവിഷന് അനുവദിക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള മിനി സിവില്‍ സ്റ്റേഷന് ഒരു നിലകൂടി പണിയുക, താലൂക്ക് ഓഫിസ് വളപ്പില്‍ നേരത്തെ നിര്‍ദേശിക്കപ്പെട്ട റവന്യൂ ടവര്‍ സ്ഥാപിച്ച് ആര്.ഡി.ഒ- താലൂക്ക്-വില്ലേജ്-ഓഫിസുകള്‍ ഒരു കുടക്കീഴിലാക്കുക എന്നീ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും താല്‍ക്കാലികമായി തളിപ്പറമ്പിലോ ആന്തൂര്‍ നഗരസഭാ പരിധിയിലോ വാടക കെട്ടിടത്തില്‍ ഓഫിസ് ആരംഭിക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."