സഊദിയിലേക്കുള്ള കര അതിർത്തികൾ തുറന്നു: യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ രാജ്യങ്ങളിൽ നിന്ന് സ്വദേശികൾക്ക് രാജ്യത്തേക്ക് വരാം
റിയാദ്: സഊദിയിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കര മാർഗ്ഗമുള്ള അതിർത്തികൾ തുറന്നു. സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും രാജ്യത്തേക്ക് തിരിച്ചു വരുന്നതിനായാണ് കര അതിർത്തികൾ തുറന്നു കൊടുത്തത്. ആദ്യ ഘട്ടത്തിൽ ബഹ്‌റൈൻ, യുഎഇ, കുവൈത് തുടങ്ങിയ രാജ്യങ്ങളിൽ കുടുങ്ങിയ സ്വദേശികൾക്കാണ് ഇത്തരത്തിൽ തിരിച്ചു വരാനാവുക. ഈ രാജ്യങ്ങളിൽ നിന്ന് തിരിച്ചുവരവിന് പ്രത്യേക രേഖകൾ ശരിപ്പെടുത്തുകയോ അപേക്ഷ സമർപ്പിക്കുകയോ വേണ്ടതില്ല. എങ്കിലും, തിരിച്ചെത്തുന്നവർ നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കുവൈത്തിലെ സഊദി പൗരന്മാർക്ക് തിരിച്ചു പോകാമെന്ന് കുവൈത്തിലെ സഊദി എംബസി അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാർച്ച് ഏഴ് മുതലാണ് സഊദി തങ്ങളുടെ കര തിർത്തികൾ അടച്ചത്. അതേസമയം, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു നിലവിൽ ഒരു തീയതി ഉറപ്പിച്ചിട്ടില്ലെന്നും സർവീസ് പുനരാരംഭിക്കുന്നത് അധികാരികളുടെ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കുമെന്നും സഊദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
ഹജ്ജ് കഴിഞ്ഞ ശേഷം സൗദിയിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിനു അത് സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടാകുന്ന പക്ഷം ഔദ്യോഗിക മീഡിയകളിലൂടെ പ്രഖ്യാപിക്കുമെന്ന് ജവാസാത്ത് നേരത്തെ മറുപടി നൽകിയിരുന്നു. നിലവിൽ യു എ ഇ പോലുള്ള രാഷ്ട്രങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായിക്കൊണ്ട് തിരിച്ച് വരുന്ന വിദേശികൾക്കായി അന്താരാഷ്ട്ര വിമാാന സർവീസുകൾ പുനരാരംഭിച്ച് കഴിഞ്ഞു. ഹജ്ജിനു ശേഷം മടക്ക യാത്രക്ക് അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് സഊദിയിൽ നിന്നും അവധിയിൽ നാട്ടിലെത്തിയ ആയിരക്കണക്കിനു പ്രവാസികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."