ഡിഫ്തീരിയ രോഗികള്‍ക്ക് ഇനി സൂപ്പര്‍ സ്പെഷാലിറ്റി വാര്‍ഡ്
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയ രോഗികള്‍ക്ക് സൂപ്പര്‍ സ്പെഷാലിറ്റി വാര്‍ഡ് നല്കി. ഡിഫ്തീരിയ രോഗികളും രോഗ നിരീക്ഷകരും ഉള്‍പ്പെടെയുള്ളവരെ ഇപ്പോള്‍ രണ്ടു വാര്ഡുകളിലായാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസവും ഡിഫ്തീരിയ രോഗികളുടെയും നിരീക്ഷകരുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനയെ തുടര്‍ന്നാണു സൗകര്യങ്ങളുള്ള സൂപ്പര്‍ സ്പെഷാലിറ്റി വാര്‍ഡിലേക്കു രണ്ട് വാര്‍ഡുകളിലുള്ള രോഗികളെ മാറ്റുന്നത്.
വിവിധ രോഗങ്ങളുള്ളവരെ ചികിത്സിക്കുന്ന സൗകര്യങ്ങളില്ലാത്ത ചെറിയ വാര്‍ഡില്‍ ഡിഫ്തീരിയ രോഗികള്‍ക്കു ചികിത്സ നല്‍കുന്നതായി കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ, തുടര്‍ന്നാണു രണ്ടാമതൊരു വാര്‍ഡുകൂടി അനുവദിച്ചതും തുടര്‍ന്ന് സൂപ്പര്‍ സ്പെഷാലിറ്റി വാര്‍ഡ് അനുവദിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് അധികൃതര്‍ പുറപ്പെടുവിച്ചതും. പുതിയതായി അനുവദിച്ച വാര്‍ഡില്‍ 12 രോഗികളും ഇവര്‍ക്കായി ഒരു നഴ്സും മുഴുവന്‍ സമയ നിരീക്ഷണത്തിനുണ്ട്. എല്ലാ രോഗികളെയും ഒരു വാര്‍ഡില്‍ പ്രവേശിപ്പിച്ചാല്‍ രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യവും മുന്നില്‍ കണ്ടാണു പുതിയ തീരുമാനം.
നിലവിലെ ഡിഫ്തീരിയ വാര്‍ഡുകള്‍ രണ്ടു ഭാഗങ്ങളായതുകൊണ്ടു തന്നെ ചികിത്സയും മറ്റും ഏകോപിപ്പിക്കാന്‍ കഴിയുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിഫ്തീരിയ രോഗികളെയാണു ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗ നിരീക്ഷകരെ പത്തുദിവസമാണു നിരീക്ഷണത്തിനായി നിര്‍ത്തുന്നത്. ഇന്‍ഫക്റ്റഡ് ഡിസീസ് വാര്‍ഡായ 43ല്‍ ആവശ്യത്തിന് ബെഡ്ഡില്ലാത്തതിനാല് രോഗികള്‍ ഉള്‍പ്പെടെ നിലത്തു കിടക്കേണ്ട അവസ്ഥയ്ക്കും സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് ഇവരെ മാറ്റുന്നതോടെ പരിഹാരമാകും.
ഡോ. ഷീലാ മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണു ചികിത്സയ്ക്കും മറ്റുമായി നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."