എസ്.ഡി.പി.ഐ ക്രിമിനലുകളെ ഒറ്റപ്പെടുത്തണം: സമസ്ത
കോഴിക്കോട്: ജിഹാദിന്റെ പേരില്‍ സ്വന്തം സമുദായക്കാരെപോലും കൊലപ്പെടുത്തുന്ന ക്രിമിനലുകളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മഹല്ലുകളില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്നും അത്തരക്കാര്‍ക്ക് യാതൊരുവിധ സഹായവും നല്‍കാതെ നിസ്സഹകരണം നടത്തണമെന്നും ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വേളം പുത്തലത്ത് പോപുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ കൊലയാളികള്‍ കുത്തിക്കൊലപ്പെടുത്തിയ എസ്.കെ.എസ്.എസ്.എഫ് ശാഖാ നേതാവ് കൂടിയായ നസീറുദ്ദീന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സമസ്ത നേതാക്കള്‍.
തീവ്ര വികാരങ്ങള്‍ സൃഷ്ടിച്ചെടുത്ത് ആയുധ പ്രയോഗ പരിശീലനം നല്‍കി രംഗത്തിറക്കുന്ന എസ്.ഡി.പി.ഐ അണികള്‍ ക്രിമിനല്‍ കുറ്റവാളികളായാണ് മാറുന്നത്. കൊലപാതകങ്ങള്‍ക്കു പോലും കേസ് നടത്താനും സംരക്ഷണം നല്‍കാനും നേതൃത്വം തയാറാവുന്നു. ജയിലില്‍ തടവുകാരായവരുടെ കുടുംബത്തിന് സഹായം നല്‍കുക വഴി അണികള്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കുകയാണ്. ഈ പ്രവണതയെ തുടച്ചുനീക്കാന്‍ മഹല്ലു ജമാഅത്തുകള്‍ സംഘടിതമായി ബോധവല്‍ക്കരണം സംഘടിപ്പിക്കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.
സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി, ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ജില്ലാ കമ്മറ്റിയംഗം സയ്യിദ് അലി തങ്ങള്‍ പേരാമ്പ്ര, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ കാസിം നിസാമി, നഷീദ് ദാരിമി കടിയങ്ങാട്, കബീര്‍ റഹ്മാനി, മുഹമ്മദ് ആയഞ്ചേരി നസിറുദീന്റെ വീട് സന്ദര്‍ശനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."