അതിര്‍ത്തിയിലെ യഥാര്‍ഥ വിവരങ്ങള്‍ രാജ്യത്തെ അറിയിക്കണം
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ചൈനീസ് പട്ടാളം കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന ഗാല്‍വാന്‍ താഴ്‌വരയില്‍നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയായിരുന്നു വന്നിരുന്നത്. എന്നാല്‍, നാല്‍പതിനായിരം ചൈനീസ് പട്ടാളം അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിര്‍ത്തിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ അറിയിക്കണം. അല്ലാത്തപക്ഷം അസത്യ പ്രചാരണങ്ങളും കുപ്രചാരണങ്ങളും വ്യാപിക്കുവാന്‍ അത് കാരണമാകും. സൈനികതലത്തിലും നയതന്ത്രതലത്തിലും നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍നിന്ന് ഇരുവിഭാഗവും പിന്മാറുക എന്ന ധാരണക്ക് വിരുദ്ധമായ നിലപാടാണ് ചൈന സ്വീകരിച്ചത്. ചൈനയും ഇന്ത്യയും പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും അതൊക്കെയും ചര്‍ച്ചകളായി മാത്രം അവശേഷിക്കുകയാണിപ്പോഴും.
ജൂണില്‍ ഇന്ത്യാ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘട്ടനത്തിന് ശേഷവും ഗാല്‍വാനില്‍നിന്ന് പിന്മാറാന്‍ ചൈനീസ് പട്ടാളം തയാറായിരുന്നില്ല. സംഘട്ടനത്തില്‍ ധീരരായ ഇരുപത് സൈനികരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അവരുടെ വീരമൃത്യു അര്‍ഥവത്താകണമെങ്കില്‍ അതിര്‍ത്തിയില്‍നിന്ന് ചൈനയെ തുരത്തുക തന്നെ വേണം. ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈനീസ് കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. 1975ല്‍ അരുണാചലില്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാല് ധീര സൈനികരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അതിനു ശേഷം ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ അതിര്‍ത്തിയില്‍ പരസ്പരം വെടിവയ്ക്കരുതെന്ന കരാറും നിലവില്‍ വന്നു. എന്നാല്‍, വെടിയുതിര്‍ത്തില്ലെങ്കിലും ആ കരാര്‍ ലംഘിച്ചുകൊണ്ടാണ് മാരകായുധങ്ങളുമായി ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. തുടര്‍ന്നാണ് ചൈനീസ് പട്ടാള നേതൃത്വവും ഇന്ത്യന്‍ സൈനിക മേധാവികളും ചര്‍ച്ചയാരംഭിച്ചത്. പിന്നീട് നയതന്ത്ര തലത്തിലും ചര്‍ച്ച നടന്നു. ഇതിന്റെ ഭാഗമായാണ് അജിത് ഡോവല്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് അതിര്‍ത്തിയില്‍നിന്ന് പിന്മാറുകയാണെന്ന പ്രതീതി ചൈന സൃഷ്ടിച്ചുവെങ്കിലും ഇവിടെയും ചതി ആവര്‍ത്തിക്കുകയായിരുന്നു.
ചൈന ഗാല്‍വാന്‍ അതിര്‍ത്തിയില്‍നിന്ന് പെട്ടെന്ന് പിന്മാറുകയില്ലെന്ന സൂചനയാണ് ഇപ്പോള്‍ നമുക്ക് ലഭിക്കുന്നത്. ചൈന പിന്മാറാതെ ഇന്ത്യന്‍ പട്ടാളവും പിന്മാറുകയില്ല. ഗാല്‍വാന്‍ താഴ്‌വരക്ക് പുറമെ ഹോട്ട് സ്പ്രിംഗ്‌സ്, പാംഗോംഗ് എന്നിവിടങ്ങളിലും ചൈന അതിക്രമിച്ച് കയറി. ഈ സ്ഥലങ്ങളില്‍നിന്ന് പിന്‍മാറി ഗാല്‍വാനില്‍ തമ്പടിക്കുന്നതിന് പിന്നില്‍ ചൈനക്ക് ഒരു ലക്ഷ്യമുണ്ട്. അപ്രധാന സ്ഥലങ്ങളില്‍നിന്ന് പിന്‍മാറി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിലയുറപ്പിക്കുക എന്നത് ചൈനയുടെ പഴയ തന്ത്രമാണ്. നമുക്ക് തന്ത്രപ്രധാന സ്ഥലമായ ഗാല്‍വാനിലാണ് ഇന്ത്യ റോഡ് പണി ആരംഭിച്ചത്. ഇത് പൂര്‍ത്തിയായാല്‍ ചൈനയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് വരെ എത്തും. കാറക്കോണം വരെ എത്തുന്ന ഈ റോഡ് പൂര്‍ത്തിയായാല്‍ ഇന്ത്യക്ക് ഇവിടേക്ക് എളുപ്പത്തില്‍ യുദ്ധസാമഗ്രികളും മറ്റു സാധനങ്ങളും എത്തിക്കുവാന്‍ കഴിയും. മാത്രമല്ല ഇതുവഴി ചൈന പാകിസ്താന് നല്‍കിവരുന്ന സഹായങ്ങള്‍ തടയുവാനും ഇന്ത്യക്ക് കഴിയും. ഇതുതന്നെയാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്. അതുകൊണ്ടാണ് ഗാല്‍വാന്‍ താഴ്‌വര തങ്ങളുടേതാണെന്ന ബാലിശവാദം ഉയര്‍ത്തി ഇവിടെനിന്ന് ചൈന പിന്‍മാറാതെയിരിക്കുന്നത്.
അതിര്‍ത്തിയില്‍നിന്ന് ഏതാനും അകലെ വന്‍ സൈനിക വ്യൂഹത്തെയാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇവിടെനിന്ന് പട്ടാളത്തെ പിന്‍വലിക്കാതിരിക്കുന്നതിലൂടെ നമ്മെ സമ്മര്‍ദത്തിലാക്കുക എന്നത് തന്നെയാണ് ചൈനയുടെ തന്ത്രം. സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് അതിര്‍ത്തിയില്‍ നിലനിന്നിരുന്ന അവസ്ഥ പുനഃസ്ഥാപിക്കാതെ ഇന്ത്യന്‍ സേനക്കും പിന്‍മാറാന്‍ പറ്റുകയില്ല. പഴയതില്‍നിന്ന് വ്യത്യസ്തമായ സമ്മര്‍ദ തന്ത്രമാണ് ചൈന ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് തങ്ങളെന്ന ഹുങ്കിലാണ് ഇത്തരം സമ്മര്‍ദതന്ത്രങ്ങള്‍ ചൈന ഇന്ത്യക്കെതിരേയും മറ്റു അയല്‍രാഷ്ട്രങ്ങളായ വിയറ്റ്‌നാം, തായ്‌വാന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവയ്‌ക്കെതിരേയും പയറ്റുന്നത്. ഇന്ത്യന്‍ സൈനികരെ ശാരീരികമായി അക്രമിക്കാന്‍ ചൈന മുതിരണമെങ്കില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വ്യക്തമായ നിര്‍ദേശം ഉണ്ടായിരിക്കണം. ഏതാനും ചൈനീസ് കമാന്‍ഡര്‍മാരില്‍ നിന്നുണ്ടായ പ്രകോപനമായിരുന്നില്ല ജൂണിലെ ചൈനീസ് ആക്രമണം. ഭരണ നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദേശത്തോടെ തന്നെയായിരുന്നു ഇത്.
2013ലും ചൈന ഇതേപോലെ ലഡാക്കിലെ ഡെപ്‌സാങ്ങില്‍ കടന്നുകയറ്റം നടത്തിയിരുന്നു. അന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ആയിരുന്നു. കടന്നുകയറ്റത്തില്‍നിന്ന് ചൈന പിന്‍മാറണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചുനിന്നു. ഒപ്പം വലിയ തോതില്‍ സൈനിക വിന്യാസവും നടത്തി. നമ്മുടെ ഉറച്ച നിലപാടിനെത്തുടര്‍ന്ന് അവര്‍ പിന്‍മാറി. അന്നത്തെ ചൈനയല്ല ഇന്നത്തെ ചൈന എന്ന് നമുക്കറിയാം. എന്നാല്‍ അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് അവര്‍ക്കും ബോധ്യപ്പെട്ടുകാണും.
ചൈനയുടെ നിലപാടുകള്‍ വ്യക്തമായി അറിയേണ്ടതുണ്ട്. അതിനനുസൃതമായ നിലപാടുകള്‍, നമ്മുടെ ഒരിഞ്ച് ഭൂമിയും നഷ്ടപ്പെടുത്താതെ നമുക്ക് സ്വീകരിക്കാനാകും. ഇതൊക്കെയാണെങ്കിലും അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നത് ശരിയായ തീരുമാനമാണെന്ന് തോന്നുന്നില്ല. അത് കിംവദന്തികള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയാക്കും. 2013ല്‍ ചൈന നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ യഥാര്‍ഥ സ്ഥിതിഗതികള്‍ അന്നത്തെ സര്‍ക്കാര്‍ രാജ്യത്തെ അറിയിച്ചിരുന്നുവെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."