ബുധനാഴ്ച മുതല്‍ വേങ്ങരയില്‍ ട്രാഫിക് പരിഷ്‌കരണം
വേങ്ങര: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിഷ്‌കരണത്തിന്റെ അവലോകനം യോഗം ചേര്‍ന്നു. ഏതാനും ശാസ്ത്രീയ മാറ്റങ്ങളോടെ പദ്ധതി തുടരാന്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി സമിതി തീരുമാനിച്ചു.
അനധികൃത പാര്‍ക്കിങ് കര്‍ശനമായി തടയുക, മാര്‍ക്കറ്റ് റോഡില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതും ഇരുചക്ര വാഹനങ്ങളടക്കം സ്വകാര്യ വാഹനങ്ങള്‍ നിറുത്തിയിടുന്നത് ഒഴിവാക്കുക, ചേറൂര്‍ റോഡ് വഴി വരുന്ന വാഹനങ്ങള്‍ ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിയുന്നതിന് കുറ്റാളൂര്‍ എം.എല്‍.എ റോഡ് ജങ്ഷനില്‍ യു ടേണ്‍ ചെയ്യുക എന്നിവയാണ് പുതിയ പരിഷ്‌കരണങ്ങള്‍. ചെറുവാഹനങ്ങള്‍ക്കായി ബി.എസ്.എന്‍.എല്‍ ഓഫിസ് പരിസരത്ത് ഒരു യു ടേണ്‍ പോയിന്റ് കൂടി അനുവദിക്കും, സാമൂഹ്യാരോഗ്യ കേന്ദ്രം, പഞ്ചായത്ത്, ബ്ലോക്ക്, പെയ്ന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ടൗണില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ചേറൂര്‍ റോഡ് ജങ്ഷനു പടിഞ്ഞാറ് സി.സി മാട് റോഡിന് സമീപം യു ടേണ്‍ ചെയ്ത് പോകണം. ഈ ഭാഗങ്ങളില്‍ 18ന് ബുധനാഴ്ചക്കകം ഡിവൈഡറുകള്‍ സ്ഥാപിക്കും. അതോടൊപ്പം ബ്ലോക്ക് റോഡ് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍കുട്ടി അധ്യക്ഷനായി. ഊരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി അബ്ദുസമദ്, അഡീഷണല്‍ തഹസില്‍ദാര്‍ (തിരൂരങ്ങാടി) പി.എ ലത, എ.എം.വി.ഐ, വേങ്ങര എസ്.ഐ സംഗീത് പുനത്തില്‍, റഗുലേറ്ററി സമിതി അംഗങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."