ധര്‍മശാലയില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ അത്യാധുനിക കെട്ടിടം
കണ്ണൂര്‍: തൊഴിലാളികളുടെ വിയര്‍പ്പില്‍ ഉയര്‍ന്ന പ്രസ്ഥാനമായ ഇന്ത്യന്‍ കോഫിഹൗസിന്റെ പുതിയ ശാഖ ധര്‍മശാലയില്‍ ഒരുങ്ങി. 12 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ അത്യാധുനിക കെട്ടിടം മേയ് ഒന്നിന് വെകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയപാതയോരത്തുള്ള ഹോട്ടല്‍ സമുച്ചയം നക്ഷത്ര പദവിയുള്ള കെട്ടിടങ്ങളോട് കിടപിടിക്കുന്നതാണ്. ഇ.പി ജയരാജന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാവും. കോഫിഹാൗസ് തൊഴിലാളികള്‍ സമര്‍പ്പിക്കുന്ന എ.കെ.ജിയുടെ അര്‍ധകായ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്യും.
കേരളത്തിലെ കോഫിഹൗസ് ശൃംഖലകളില്‍ ഏറ്റവും വലിയ സംരംഭമാണ് ധര്‍മശാലയിലേത്. 40 സെന്റ് സ്ഥലത്ത് മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍, എ.സി റസ്‌റ്റോറന്റുകളും റിസപ്ഷനുമാണുള്ളത്. ഒരേസമയം 200 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാനാകും.
ഒന്നാം നിലയില്‍ 250 സീറ്റുകളുള്ള എ.സി കോണ്‍ഫറന്‍സ് ഹാളും അനുബന്ധ ഭക്ഷണശാലയും രണ്ടാം നിലയില്‍ 11 ഫാമിലി എ.സി സ്യൂട്ട് മുറികളും സജ്ഞമാക്കിയിട്ടുണ്ട്. അണ്ടര്‍ഗ്രൗണ്ടിലും താഴത്തെ നിലയിലുമായി 40 വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ട്. നാലുമാസത്തിനകം റൂഫ്‌ടോപ്പ് റസ്റ്റോറന്റും പ്രവര്‍ത്തനമാരംഭിക്കും.
1.40 കോടി രൂപ ചെലവില്‍ നിര്‍മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റാണ് മറ്റൊരു പ്രത്യേകത. മലിനജലം ശുദ്ധീകരിച്ച് പൂന്തോട്ടം നന്നാക്കാനും കാര്‍ഷിക ആവശ്യത്തിനും ഉപയോഗിക്കും. ജില്ലയിലുടനീളം കാറ്ററിങ് സംവിധാനവുമുണ്ടെന്നു സെക്രട്ടറി ശശിധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."