മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കഠിനംകുളം: ഹാര്‍ബറിലേക്കുള്ള കവാടത്തിലെ ശക്തമായ തിരയില്‍പ്പെട്ട് യമഹ എന്‍ജിന്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അഞ്ചുതെങ്ങ്, താഴം പള്ളി, കൊച്ച് പള്ളിക്ക് സമീപം തൈവിളാകം സ്വദേശികളായ തസ്‌കസ് ( 55 ), ആന്റണി (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ താഴം പള്ളി സ്വദേശികളായ ലോറന്‍സ് (46) ,വിന്‍സെന്റ് (40) എന്നിവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.30 ഓടെ പെരുമാത മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിലാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം വള്ളത്തില്‍ തുറമുഖക്കവാടം കടക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.
തിരയില്‍പ്പെട്ട് വള്ളം തലകുത്തനെ മറിഞ്ഞു. ഈ സമയം ഹാര്‍ബറിന്റെപുലിമുട്ട് നിര്‍മ്മിക്കുന്നതിനിടെ കടലില്‍പ്പെട്ട പാറയില്‍ തസ്‌കസിന്റെ തലയിടിച്ചു. ഗുരുതരമായി പരുക്കേറ്റ തസ്‌കസിനെയും കൊണ്ട് ലോറന്‍സ് കരയിലേക്കു നീന്തിയെങ്കിലും, കരയിലെത്തിയപ്പോഴേക്കും തസ്‌കസ് മരിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും കടലില്‍ നടത്തിയ തിരച്ചിലിലാണ് പുലിമുട്ടില്‍ കുരുങ്ങിയ
ആന്റെണിയെ കണ്ടെത്താനായത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ആന്റണി അവിവാഹിതനാണ്. സുപ്രയാറാണ് പിതാവ്, മാതാവ് പരേതയായ ലോറന്‍സിയ. ഡോളിയാണ് തസ്‌കസിന്റെ ഭാര്യ. മേരി ലിസ്സി, ജോബോയ്, നിര്‍മ്മല എന്നിവര്‍ മക്കളാണ്.
ഹാര്‍ബറിന്റെ പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ പെരുമാതുറ മുതലപ്പൊഴി പാലത്തിന്റെ പ്രധാന റോഡില്‍ വള്ളം കയറ്റി വെച്ച് ഉപരോധിച്ചു.
മണിക്കുറുകള്‍ നീണ്ട ഉപരോധം സ്ഥലം എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ ശശി എത്തിയതിന് ശേഷമാണ് അവസാനിച്ചത്. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."