കോവളത്തെ നടുക്കിയ ദുരന്തത്തിന് ഒരു വയസ് മൂന്നു പേര്‍ ഇന്നും കാണാമറയത്ത്
കോവളം: തീരത്തെ നടുക്കിയ ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 18നാണ് അവധി ആഘോഷിക്കാന്‍ കോവളം തീരത്തെത്തിയ നാലു യുവാക്കളും അവരെ രക്ഷിക്കാന്‍ ശ്രമിച്ച ബാസ്‌ക്കറ്റ് ബോള്‍ റഫറിയും കടലില്‍ അപകടത്തില്‍പെട്ടത്. ഇവരില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.ഇവരുടെ കുടുംബങ്ങളുടെ കണ്ണുനീര്‍ തോര്‍ന്നിട്ടുമില്ല.
തിരുവനന്തപുരം വട്ടപ്പാറ കാനക്കോട് വിലാസത്തില്‍ രാജേന്ദ്രന്റെയും ശശികുമാരിയുടെയും മകനും കരകുളം പി.എ.അസീസ് എന്‍ജിനിയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായിരുന്ന നിഥിന്‍രാജ് (21),വര്‍ക്കല ഇലകമണ്‍ അരുണോദയത്തില്‍ ഗിരീഷിന്റെയും വിമലാദേവിയുടെയും മകനും തിരുവനന്തപുരം ലൂര്‍ദ്ദ് മാതാ എന്‍ജിനിയറിങ് കോളജിലെ ഹോട്ടല്‍ മാനേജ്‌മെന്റെ വിദ്യാര്‍ഥിയുമായിരുന്ന അനൂപ് ഗിരി(21),സ്റ്റാച്യു കൃഷ്ണ കൃപയില്‍ ജയന്റെയും പ്രസന്നകുമാരിയുടെയും മകനും കോഴിക്കോട് മലബാര്‍ മെഡിക്കല്‍കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയുമായിരുന്ന അഖില്‍.പി.വിജയന്‍(21),കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം മിഥുനത്തില്‍ ക്രിസ്റ്റഫറിന്റെയുംജോജിയുടെയും മകനും കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിങ് കോളജിലെ നാലാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായിരുന്ന ജിതിന്‍ ജി കാര്‍മല്‍(21),ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ ദേശീയ ബാസ്‌ക്കറ്റ് ബോള്‍ റഫറിയായിരുന്ന തിരുവനന്തപുരം പിടിപി നഗറില്‍ അറപ്പുര വീട്ടില്‍ ശശി കുമാറിന്റെ മകന്‍ അഭിഷേക് ശശി(37) എന്നിവരെയാണ് തിരയില്‍പ്പെട്ട് കാണാതായത്.ഇവരില്‍ അനൂപ് ഗിരിയുടെയും അഖില്‍ പി വിജയന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റു മൂന്നുപേര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഉറ്റ സുഹൃത്തുക്കളായിരുന്ന അഞ്ചംഗ സംഘം അവധി ആഘോഷിക്കാനായിരുന്നു അന്ന് ഒരുമിച്ചു കൂടിയത്. വെഞ്ഞാറമൂട്ടിലെ സുഹൃത്തിന്റെ വീട്ടില്‍ റംസാന്‍ ആഘോഷിച്ച ശേഷം വൈകിട്ട് ആറരയോടെ കാറിലാണ് സംഘം കോവളം കാണാനെത്തിയത്.കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ സഞ്ചാരികള്‍ വെള്ളത്തിലിറങ്ങുന്നത് ലൈഫ് ഗാര്‍ഡുമാര്‍ വിലക്കിയിരുന്നു. കളിച്ച് ഉല്ലസിച്ചെത്തി ലൈറ്റ് ഹൗസ് ബീച്ചിലെ ഇടക്കല്ല് പാറയില്‍ ഇരുന്ന ഇവര്‍ക്കു ലൈഫ് ഗാര്‍ഡുമാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും രാത്രി ഏഴോടെ ജോലി സമയം കഴിഞ്ഞ് ലൈഫ് ഗാര്‍ഡുകള്‍ മടങ്ങിയ ശേഷം ഇവര്‍ കുളിക്കാനിറങ്ങി. കടലിലിറങ്ങാന്‍ പേടിയാണെന്നറിയിച്ച സുഹൃത്ത് വെമ്പായം സ്വദേശി അരുണിനെ കരയിലിരുത്തി വസ്ത്രങ്ങളും മറ്റുമെല്ലാം ഏല്‍പ്പിച്ചാണ് ഇവര്‍ പാറയ്ക്കു സമീപം വെള്ളത്തിലിറങ്ങിയത്. പക്ഷേ ആര്‍ത്തലച്ചെത്തിയ തിരമാലയില്‍ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. നാലുപേരും അപകടത്തില്‍പെട്ടു. യുവാക്കള്‍ തിരയില്‍പെടുന്നത് കണ്ടാണ് തീരത്തുണ്ടായിരുനന ബാസ്‌ക്കറ്റ് ബോള്‍ റഫറി അഭിഷേക് കടലിലേക്ക് ചാടിയത്. എന്നാല്‍ രാക്ഷസതിരമാല അഭിഷേകിനെയും കുടുക്കി. കരസേനയിലെ മദ്രാസ് റജിമെന്റില്‍പെട്ട സൈനികര്‍ക്ക് 12 ദിവസത്തെ ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനം നല്‍കി അവസാന ദിവസം കോവളം കാണാനെത്തിയതായിരുന്നു അഭിഷേക്. ഇവരില്‍ അനൂപ് ഗിരിയുടെയും അഖില്‍ പി വിജയന്റെയും മൃതദേഹങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ലഭിച്ചു. മൂന്നു പേര്‍ ഇപ്പോഴും ആഴങ്ങളിലെ നിഗൂഢതയിലാണ്.
തിരമാലകള്‍ കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ രാവും പകലും കടലിന്റെ അഗാധതയിലേക്ക് കണ്ണുംനട്ട് ബന്ധുക്കളും സുഹൃത്തുക്കളും ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ ദുരന്തത്തിനു ആഴ്ചകള്‍ക്ക് മുന്‍പ് കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപം കടല്‍ തിരയില്‍പ്പെട്ട് കാണാതായ ചാനല്‍ പ്രോഗ്രാം പ്രൊഡ്യുസര്‍ തിരുവനന്തപുരം ജഗതി ഈശ്വര വിലാസത്തില്‍ പ്രവീണ്‍ ഗോപകുമാര്‍ (33)നെയും ഇതുവരെയും കിട്ടിയിട്ടില്ല. ദുരന്തങ്ങളുടെ ഓര്‍മിക്കപ്പെടുമ്പോള്‍ തീരത്ത് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."