കേസെടുക്കലും അന്വേഷണവും തകൃതി; തുമ്പ് മാത്രമില്ല !
പേരൂര്‍ക്കട: സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി ക്രൈം കേസുകള്‍ നടന്നിട്ടും ഒന്നിലും തുമ്പു കണ്ടെത്താനാകാതെ പേരൂര്‍ക്കട പൊലിസ്.
രണ്ടുമാസത്തിനിടെ ഇവിടെയുണ്ടായ നിരവധി ക്രൈം കേസുകളുടെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്. കഴിഞ്ഞ ജൂണ്‍ 24ന് കവടിയാര്‍ കൊക്കോട് ശ്രീപത്മത്തില്‍ പത്മാവതിയമ്മയുടെ ഊളമ്പാറ ജങ്ഷനിലുള്ള പച്ചക്കറിസ്റ്റാളിലെത്തിയ യുവാവ് ഇവരില്‍നിന്ന് 42,000 രൂപയും ഒരു എ.ടി.എമ്മും മൊബൈല്‍ഫോണും മോഷ്ടിച്ചിരുന്നു.പ്രതിയെ കണ്ടാലറിയാമെന്നു ഇവര്‍ പൊലിസില്‍ മൊഴിയും നല്‍കിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മോഷ്ടാവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ജൂണ്‍ അവസാനവാരത്തില്‍ പേരൂര്‍ക്കട ജങ്ഷനിലെ മൂന്നു കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബാബു സ്റ്റോഴ്‌സിലും തമ്പിയുടെ ഉടമസ്ഥതയിലുള്ള പൂക്കടയിലും ഇതിനു സമീപത്തെ മറ്റൊരു പൂക്കടയിലുമായിരുന്നു മോഷണം. റീച്ചാര്‍ജ് കൂപ്പണുകള്‍ അടക്കമാണ് മോഷണം പോയത്. പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല.
കഴിഞ്ഞ 15ാം തീയതിയാണ് ദേവപാലന്‍ നഗറില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിനുനേരേ ഒരുസംഘം നാടന്‍ബോംബുകള്‍ എറിഞ്ഞത്. ഇവിടെ കെട്ടിടത്തിന് തകര്‍ച്ചയുണ്ടാകുകയും കാറുകള്‍ തകരുകയും ചെയ്തു.ഇവിടെയും പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല.
കഴിഞ്ഞയാഴ്ച കുറവന്‍കോണത്ത് നിര്‍മ്മാണം നടന്നുവരുന്ന ഫ്‌ളാറ്റില്‍നിന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന കേബിളുകള്‍ മോഷ്ടിച്ച് കടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചെങ്കിലും ഒരാളെപ്പോലും പിടികൂടാനായില്ല. ഇതുകൂടാതെ ചെറുതും വലുതുമായ മറ്റു നിരവധി മോഷണങ്ങളാണ് പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയില്‍ തുമ്പില്ലാതെ കിടക്കുന്നത്. പോലീസ് മദ്യപാനം, ഹെല്‍മെറ്റ് വേട്ട എന്നിവയില്‍ താല്‍പ്പര്യം കാണിക്കുമ്പോള്‍ കുടപ്പനക്കുന്ന്, അമ്പലമുക്ക്, പേരൂര്‍ക്കട, വഴയില ഭാഗങ്ങളിലെ മോഷണങ്ങള്‍ വിസ്മൃതിയിലാകുകയാണ്.
പേരൂര്‍ക്കട സ്റ്റേഷന്റെ മൂക്കിന്‍ തുമ്പത്തു തകൃതിയായി നടന്നുവരുന്ന കഞ്ചാവ് കച്ചവടം ഇല്ലാതാക്കാനുള്ള നടപടികളുമുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതികള്‍ കേസെടുക്കലിലും പേരിനുള്ള
അന്വേഷണങ്ങളിലും ഒതുങ്ങുമ്പോള്‍ മോഷ്ടാക്കളും കുറ്റവാളികളും സൈ്വര്യവിഹാരം നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."