ഇത്തവണയെങ്കിലും ഒന്ന് ജയിക്കുമോ
മൊഹാലി: ഐ.പി.എല്ലിലെ ഇപ്പോഴത്തെ ബാംഗ്ലൂരിന്റെ അവസ്ഥ കാണുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡയലോഗാണ് ഓര്‍മ വരുന്നത്. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്നു പറഞ്ഞതു പോലെയാണ് കോഹ്‌ലിപ്പടയുടെ സീസണിലെ പ്രകടനം.
ഇതുവരെ കളിച്ച എല്ലാ കളിയും തോറ്റ് തോല്‍പ്പിക്കാന്‍ കഴിയുമായിരുന്ന ടീമിനോടു വരെ പരാജയമറിഞ്ഞു ബാംഗ്ലൂര്‍. പേരിലെ രാജകീയത കളിക്കളത്തിലെത്തുമ്പോള്‍ മറന്നു പോകുന്നതാണ് ടീമിന്റെ പ്രശ്‌നം. എല്ലാ വര്‍ഷവും ഏറ്റവുംകൂടുതല്‍ കിരീട പ്രതീക്ഷ നല്‍കുന്ന ടീമുകളിലൊന്നാണ് ബാംഗ്ലൂര്‍.
എന്നാല്‍ എല്ലാ തവണയും പോലെ പുലി പോലെ വന്ന് എലി പോലെ പോകുന്നതാണ് അവരുടെ ശീലം. ഇത്തവണ അതില്‍നിന്ന് ഒരുമാറ്റമുണ്ടാകുമെന്ന് ബാംഗ്ലൂരിന്റെ ആരാധകരും ഹേറ്റേഴ്‌സും ഒരു പോലെ കരുതിയിരുന്നു. കാരണം ചരിത്രത്തില്‍ ആദ്യമായി ആസ്‌ത്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ കരുത്താര്‍ജിച്ച കോഹ്‌ലിയുടെ നായകത്വത്തില്‍ എല്ലാവരും വലിയ പ്രതീക്ഷ കല്‍പ്പിച്ചിരുന്നു.
എന്നാല്‍ ഒരിക്കല്‍ പോലും ക്രിക്കറ്റില്‍ ലോക കിരീടം സ്വന്തമാക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യവാന്‍മാരായ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അതേ അവസ്ഥ തന്നെയാണ് ഐ.പി.എല്ലിലെ ബാംഗ്ലൂരിനും. എല്ലാത്തവണയും കിരീട പ്രതീക്ഷയുമായെത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീം പാതിവഴിയില്‍ കലമുടയ്്ക്കാറാണ് പതിവ്.
അതു പോലെയാണ് ഐ.പി.എല്ലിലെ ബാംഗ്ലൂരും. പഞ്ചാബിനെതിരേ ഇന്നത്തെ മത്സരം പരാജയപ്പെട്ടാല്‍ പ്ലേ ഓഫിലേക്കുള്ള ബാംഗ്ലൂരിന്റെ സാധ്യതകളെല്ലാം മങ്ങും. ബാംഗ്ലൂരിന്റെ ഓരോ മത്സരം തുടങ്ങുമ്പോഴും ജയ പ്രതീക്ഷയില്‍ പടക്കം പൊട്ടിച്ചാഘോഷിക്കാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് മത്സര ശേഷം നനഞ്ഞ പടക്കം പോലെ തലതാഴ്ത്തി മടങ്ങേണ്ടി വരും. മറുഭാഗത്ത് മുംബൈയോടെറ്റ തോല്‍വിയുടെ ഹാങ് ഓവറിലാണ് ഇപ്പോഴും പഞ്ചാബ്. പൊള്ളാര്‍ഡിന്റെ അടിയുടെ ചൂട് ഇപ്പോഴും ആറിയിട്ടില്ല അവര്‍ക്ക്. ഇരുനൂറിനോടടുത്ത് സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളര്‍മാര്‍ ലാവിഷായി റണ്‍സ് വിട്ടുകൊടുത്തത് ക്യാപ്റ്റന്‍ അശ്വിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. രാഹുലിന്റെ കന്നി ഐ.പി.എല്‍ സെഞ്ചുറി പാഴായത് മിച്ചം. തല്ല് കൊടുക്കാനുള്ളതു മാത്രമല്ല അത് വാങ്ങാനും കൂടിയുളളതാണെന്ന് തെളിയിക്കുന്നതു കൂടിയായിരുന്നു മുംബൈക്കെതിരെയുള്ള പഞ്ചാബിന്റെ മത്സരം. ഇങ്ങനെ പോയാല്‍ ജയിക്കാനായി അശ്വിന് വീണ്ടും മങ്കാദിങ് പോലെയുള്ള പരിപാടികള്‍ ചെയ്യേണ്ടിവരും. ബാറ്റിങില്‍ ഗെയിലും രാഹുലുമെല്ലാം മികച്ച ഫോമിലാണ്. ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മുഹമ്മദ് ഷമിക്ക് കൂട്ടായി ആരുമില്ലാത്തതാണ് പഞ്ചാബിനെ കുഴക്കുന്നത്.
എന്നാല്‍ എല്ലാ ടീമിനും പോയിന്റുകള്‍ നിസാരമായി ദാനം ചെയ്യുന്ന ബാംഗ്ലൂരിനോട് കളിക്കാനിറങ്ങുമ്പോള്‍ ജയപ്രതീക്ഷയിലാണ് പഞ്ചാബ്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും പഞ്ചാബിനുണ്ട്. മാനം കാക്കാന്‍ ബാംഗ്ലൂരും വീണ്ടും ജയിച്ചു കയറാന്‍ പഞ്ചാബും ഇറങ്ങുമ്പോള്‍ കാത്തിരുന്നു കാണാം എന്താകുമെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."