ഓട തടസപ്പെടുത്തി നിന്ന പോസ്റ്റ് മുറിച്ചുമാറ്റി
പേരൂര്‍ക്കട: കേശവദാസപുരം ജങ്ഷനു സമീപം ഓടയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി നിന്നിരുന്ന പോസ്റ്റ് ഇലക്ട്രിസിറ്റി പട്ടം സെക്ഷന്‍ അധികൃതര്‍ മുറിച്ചുനീക്കി.
പരുത്തിപ്പാറ-കേശവദാസപുരം റോഡില്‍ എം.ജി കോളജിന് എതിര്‍വശത്തായി പി.ഡബ്ല്യു.ഡിയുടെ ഓടയ്ക്കുള്ളില്‍ വര്‍ഷങ്ങളായി നിന്ന ഉപയോഗശൂന്യമായ പോസ്റ്റാണ് അധികൃതര്‍ മുറിച്ചുനീക്കിയത്. എം.സി റോഡില്‍ കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കപ്പെട്ടതോടെ നിലവിലുണ്ടായിരുന്ന തടിപോസ്റ്റുകളെല്ലാം നീക്കം ചെയ്തിരുന്നു. എന്നാല്‍ ഒരുപോസ്റ്റുമാത്രം അതേപടി നിന്നു. ഇതിനെ ഇളക്കിമാറ്റാതെ പി.ഡബ്ല്യു.ഡി ഓട നിര്‍മ്മാണം നടത്തിയതാണ് പോസ്റ്റ് ഓടയ്ക്കുള്ളിലാകാന്‍ കാരണം. മഴക്കാലത്ത് സമീപവീടുകളില്‍നിന്ന് മാലിന്യവും ഇറച്ചിവേസ്റ്റും ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ പോസ്റ്റ് നില്‍ക്കുന്ന ഓടയുടെ ഭാഗത്ത് മലിന്യം നിറഞ്ഞ് പുറത്തേക്കൊഴുകി റസി. അസോസിയേഷന്‍ പരിധിയിലെ വീടുകളുടെ സമീപമെത്തി. ഇതോടെ പരിസരവാസികള്‍ ദുര്‍ഗന്ധംമൂലം പൊറുതിമുട്ടി. ഫുട്പാത്തില്‍ നിന്ന പോസ്റ്റ് കാല്‍നടയാത്രക്കാര്‍ക്കും ഇടംകൊല്ലിയായി. ഒടുവിലാണ് ഇലക്ട്രിസിറ്റി ഇടപെട്ട് ഓടയുടെ നിരപ്പുവരെയുള്ള പോസ്റ്റ് മുറിച്ചുമാറ്റിയത്.
ഈ ഭാഗത്ത് സ്ലാബ് ഇല്ലാത്തതിനാല്‍ വഴിയാത്രികര്‍ക്ക് ഭീഷണിയുണ്ടാകാതിരിക്കാന്‍ തടികള്‍ നിരത്തിയിരിക്കുകയാണ്. ഓടയ്ക്കുള്ളില്‍ നില്‍ക്കുന്ന പോസ്റ്റിന്റെ ബാക്കിഭാഗം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നു പി.ഡബ്ല്യു.ഡി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."