'ശബരിമല' ചൂണ്ടയുമായി മോദി
കോഴിക്കോട്: കേരളത്തില്‍ ശബരിമല ചൂണ്ടയുമായി വോട്ടുതേടി മോദിയുടെ തന്ത്രം. ഇന്നലെ കോഴിക്കോട്ട് എന്‍.ഡി.എയുടെ വിജയ് സങ്കല്‍പ് റാലിയെ അഭിസംബോധന ചെയ്യവെ ശബരിമലയുടെ പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു മോദി ശബരിമല വിഷയം ഉന്നയിച്ചത്.
സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും പരമ്പരാഗത ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും ഇനി അധികാരത്തിലെത്തിയാല്‍ സുപ്രിംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മോദി പറഞ്ഞു. എന്നാല്‍, അധികാരത്തിലിരുന്നപ്പോള്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ബി.ജെ.പി ഓര്‍ഡിനന്‍സ് ഇറക്കിയില്ലെന്ന കാര്യത്തില്‍ മോദി മൗനം പാലിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ ഇന്ത്യയുടെ പൗരാണിക സ്വത്താണെന്നും കേരളത്തില്‍ വിശ്വാസികള്‍ ആചാരം സംരക്ഷിക്കാന്‍ ലാത്തിയടിയേല്‍ക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്- എല്‍.ഡി.എഫ് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച മോദി കേരളത്തില്‍ ഇടതുസര്‍ക്കാരിനു ബദലായി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷപ്രകടിപ്പിച്ചു. ത്രിപുരയില്‍ മോശം ഭരണം നടത്തിയ ഇടതുസര്‍ക്കാരിനെ താഴെ ഇറക്കിയ ജനം ബി.ജെ.പിയെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റി. ഇത് കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും പ്രതിപാദിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം. കേരളത്തിലെ ഇരു മുന്നണികളും അഴിമതിക്കാരാണെന്നും ഇടത്- വലത് മുന്നണികള്‍ക്ക് ബദല്‍ രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളെയും വീണ്ടും ജയിപ്പിച്ചാല്‍ അത് അവര്‍ക്ക് അഴിമതി നടത്താനുള്ള ലൈസന്‍സ് നല്‍കലാകും. കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടുള്ള റാഫേല്‍ അഴിമതിയും മറ്റും മോദി പരാമര്‍ശിച്ചതേയില്ല.
അക്രമരാഷ്ട്രീയത്തെ ഇരു മുന്നണികളും ചോദ്യം ചെയ്യുന്നില്ലെന്നും സ്ത്രീ ശാക്തീകരണത്തില്‍ ഇരട്ടത്താപ്പാണെന്നും മോദി പറഞ്ഞു. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് മുത്വലാഖിനെ അനുകൂലിക്കുന്നതാണ്. എല്ലാവരെയും ഒരേ രീതിയില്‍ കാണുമെന്നും രാജ്യത്ത് തന്റെ നേതൃത്വത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയാത്തത് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വോട്ട്ബാങ്ക് രാഷ്ട്രീയത്തെ തുടര്‍ന്നാണെന്നും അദ്ദേഹം ആരോപിച്ചു.
ആചാരവും അഴിമതിയും മാത്രമാണ് മോദി ഊന്നിപ്പറഞ്ഞത്. കേരളത്തെ എപ്പോഴും സഹായിച്ചെന്ന് പറഞ്ഞ മോദി, പ്രളയസഹായത്തെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഇറാഖില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാരെയും ലിബിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും നാട്ടിലെത്തിച്ചതാണ് സഹായമായി പറഞ്ഞത്. രാഷ്ട്രീയ കൊലപാതകങ്ങളും കോഴിക്കോട്ടെ പ്രാദേശിക വിഷയങ്ങളും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, സാധാരണക്കാരുടെ ജീവിതത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. കേരളത്തില്‍ ടൂറിസം വികസിപ്പിച്ചാല്‍ കടക്കാര്‍ക്കും ചായക്കടക്കാര്‍ക്കും വരെ നേട്ടമുണ്ടാകുമെന്ന വാക്കുമാത്രമാണ് സാധാരണക്കാരെ ഉദ്ദേശിച്ച് പരാമര്‍ശിച്ചത്. ഗള്‍ഫില്‍ മലയാളികളുടെ ക്യാംപില്‍ പോയതും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതും അവര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയതും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള അധ്യക്ഷനായി. എം.ടി രമേശ്, ചേറ്റൂര്‍ ബാലകൃഷ്ണന്‍, ടി.പി ജയചന്ദ്രന്‍, പി.സി ജോര്‍ജ്, ഗിരി പമ്പനാല്‍, മാത്യു പെഴത്തിങ്ങല്‍, സി.കെ പത്മനാഭന്‍, തുഷാര്‍ വെള്ളാപ്പള്ളി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."