നെറ്റ് പരീക്ഷ ജൂലൈയിലെന്ന് യു.ജി.സി
ന്യൂഡല്‍ഹി: നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ്(നെറ്റ് ) സി.ബി.എസ്.ഇ ജൂലൈയില്‍ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനിശ്ചിതത്വങ്ങള്‍ നീക്കി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനാണ്(യു.ജി.സി) വിവരം പുറത്തുവിട്ടത്.
പരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. എന്നാല്‍, പരീക്ഷ ജൂലൈയില്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. സാധാരണ ഗതിയില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ ആദ്യവാരത്തിലാണ് പരീക്ഷയുടെ അറിയിപ്പ് പുറത്തുവിടാറ്. അറിയിപ്പ് വരാത്തതിനെ തുടര്‍ന്ന് പരീക്ഷ നടക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് യു.ജി.സി ആസ്ഥാനത്തേക്ക് കഴിഞ്ഞ ആഴ്ച വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തു.
പരീക്ഷാ നടത്തിപ്പിനുള്ള ബുദ്ധിമുട്ട് അറിയിച്ച് കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തെ കണ്ടിരുന്നു. നീറ്റ് പോലെയുള്ള മറ്റു പ്രധാന പ്രവേശന പരീക്ഷകളുടെ കൂടി ചുമതലയുണ്ടായതിനാല് ഇത് അധിക ഭാരമാണെന്നും അടുത്തവര്‍ഷം മുതല്‍ പരീക്ഷാനടത്തിപ്പില്‍നിന്ന് ഒഴിയുമെന്നുമാണ് സി.ബി.എസ്.ഇ മന്ത്രാലയത്തെ അറിയിച്ചത്.
ജൂലൈയിലും ഡിസംബറിലുമായി വര്‍ഷത്തില്‍ രണ്ടുതവണയായാണ് നെറ്റ് പരീക്ഷ നടക്കാറ്. 2014ല്‍ പരീക്ഷാ നടത്തിപ്പ് യു.ജി.സി സി.ബി.എസ്.ഇക്ക് കൈമാറിയിരുന്നു. അതുവരെ യു.ജി.സി നേരിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."