ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം
മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം താളംതെറ്റിയ ജെറ്റ് എയര്‍വേയ്‌സ് വിമാനക്കമ്പനിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം ശക്തമാക്കി. വ്യോമയാന ഡയരക്ടര്‍ ജനറല്‍, വ്യോമയാന സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.
വിമാനക്കമ്പനിയില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദേശപ്രകാരമാണിതെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോല വ്യക്തമാക്കി. കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് കുടിശ്ശികയായതോടെ 10 വിമാനങ്ങളാണ് ജെറ്റ് എയര്‍വേയ്‌സ് പിന്‍വലിച്ചത്. ഇതിനിടയില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ മുഴുവന്‍ വിദേശ സര്‍വിസുകളും കമ്പനി റദ്ദാക്കിയതായി അറിയിച്ചു.
എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കിങ് കണ്‍സോര്‍ഷ്യമാണ് എയര്‍ലൈന്‍സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവരുടെ പ്രവര്‍ത്തനം ഇന്നലെ അവസാനിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര നിര്‍ദേശപ്രകാരം ഇതു രണ്ടു ദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. അതിനിടെ ജെറ്റ് സ്ഥാപകന്‍ നരേഷ് ഗോയല്‍, യു.എ.ഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ കാനഡ എന്നിവക്കു പുറമെ നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവ ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരി പങ്കാളിത്തത്തിനായി രംഗത്തെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്നു സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍പുവരെ ജെറ്റ് എയര്‍വേയ്‌സ്. 16 വിമാനങ്ങളായിരുന്നു ആഭ്യന്തര സര്‍വിസിനായി ഉപയോഗിച്ചിരുന്നത്. 20 വിദേശ സര്‍വിസുകളും ഉണ്ടായിരുന്നു. മുംബൈ, ഡല്‍ഹി, ബംഗളൂരു നഗരങ്ങളില്‍നിന്ന് ലണ്ടന്‍, ആംസ്റ്റര്‍ഡാം, പാരിസ് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകള്‍ നേരത്തെ തന്നെ റദ്ദാക്കിയതായി ജെറ്റ് വിമാനക്കമ്പനി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വിസുകള്‍ റദ്ദാക്കിയതായും കമ്പനി അറിയിച്ചിട്ടുണ്ട്. സര്‍വിസ് നടത്തിപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ-കൊല്‍ക്കത്ത, കൊല്‍ക്കത്ത-ഗുവാഹത്തി, ഡെറാഡൂണ്‍-കൊല്‍ക്കത്ത സര്‍വിസുകള്‍ റദ്ദാക്കിയതായും ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."