ഗ്രൂപ്പ് വഴക്ക് രൂക്ഷം; കോണ്‍ഗ്രസ് മണ്ഡലം നേതൃയോഗം നടന്നില്ല
പുതുക്കാട്: ഗ്രൂപ്പ് വഴക്ക് രൂക്ഷമായ പുതുക്കാട് കോണ്‍ഗ്രസ് മണ്ഡലം നേതൃയോഗം നടന്നില്ല. വ്യാഴാഴ്ച നടത്താനിരുന്ന യോഗം ഐ ഗ്രൂപ്പ് പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മാറ്റിവച്ചു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ആമ്പല്ലൂര്‍ ഐ.എന്‍.ടി.യു.സി ഓഫിസിലാണ് യോഗം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഐ വിഭാഗം നേതാക്കള്‍ ഡി.സി.സി പ്രസിഡന്റിനെ പ്രതിഷേധമറിയിച്ച് യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു.
ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലെല്ലാം പാര്‍ട്ടി മണ്ഡലം നേതൃയോഗങ്ങള്‍ നടന്നിരുന്നു.
പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കെട്ടിടം പാര്‍ട്ടിക്ക് കൈമാറുക, അളഗപ്പനഗര്‍ യൂനിയന്‍ ഓഫിസ് കെട്ടിടം പുനര്‍നാമകരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഐ ഗ്രൂപ്പ് സംഘടനാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതായിട്ടു ഏറെ നാളായി.
ഇതില്‍ ഓഫിസിന്റെ പേരു മാറ്റം നടപ്പാക്കിയെങ്കിലും പുതുക്കാട് മണ്ഡലം കമ്മിറ്റി ഓഫിസ് ഡി.സി.സിക്ക് വിട്ടുകൊടുക്കാനുള്ള നിര്‍ദേശം ഇതുവരെ പാലിച്ചിട്ടില്ല.
എ ഗ്രൂപ്പിലെ കെ.പി വിശ്വനാഥന്‍ പക്ഷക്കാരനായ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പേരിലുള്ള കെട്ടിടം പാര്‍ട്ടിക്ക് കൈമാറാത്തതില്‍ ഐ ഗ്രൂപ്പിനു എതിര്‍പ്പ് ശക്തമാണ്.
അളഗപ്പനഗര്‍ ഐ.എന്‍.ടി.യു.സി ഓഫിസിന്റെ പേരിടലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കെട്ടിടത്തിന് കെ. കരുണാകരന്‍ സ്മാരക മന്ദിരം എന്നും ഹാളിന് മുതിര്‍ന്ന നേതാവ് കെ.പി വിശ്വനാഥന്‍ സപ്തതി ഹാള്‍ എന്നും പുനര്‍നാമകരണം ചെയ്താണ് പരിഹരിച്ചത്. തര്‍ക്കം രൂക്ഷമാവുകയും ഗ്രൂപ്പ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഓഫിസ് പിടിച്ചെടുക്കലും പൊലിസ് നടപടിയും വരെയെത്തിയപ്പോഴാണ് പാര്‍ട്ടി നേതൃത്വം പ്രശ്‌നത്തിലിടപെട്ടത്.
കെ.പി.സി.സി ഭാരവാഹികളായ കെ.പി കുഞ്ഞിക്കണ്ണന്‍, ഭാരതീപുരം ശശി എന്നിവരുള്‍പ്പെട്ട രണ്ടംഗ കമ്മിഷനാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ചത്.
മണ്ഡലത്തിലെ രണ്ടു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് സ്ഥാനങ്ങളും വഹിക്കുന്നത് കെ.പി വിശ്വനാഥന്‍ പക്ഷക്കാരാണ്. നിലവിലെ പ്രസിഡന്റിനെ രാജിവെപ്പിച്ചു കെ.എം ബാബുരാജിനെ ബ്ലോക്ക് പ്രസിഡന്റാക്കിയതിലും ഡി.സി.സി സെക്രട്ടറിയായി എന്‍.എസ് സരസനെ ഡി.സി.സി നാമനിര്‍ദേശം ചെയ്തതിലും ഐ വിഭാഗത്തിന് എതിര്‍പ്പുണ്ട്. കൂടാതെ ഓഫിസ് പിടിച്ചെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ പൊലിസ് കേസുകള്‍ പിന്‍വലിക്കണമെന്ന കെ.പി.സി.സി നിര്‍ദേശം ഇതുവരെ പാലിച്ചിട്ടില്ല. ബ്ലോക്ക് പ്രസിഡന്റ്് സ്ഥാനങ്ങളില്‍ ഒന്നു വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യവും നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."