HOME
DETAILS
MAL
ആശുപത്രിയില്‍ നിന്ന് മുങ്ങിയ കൊവിഡ് ബാധിതന്‍ പിടിയില്‍
backup
July 25 2020 | 02:07 AM
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് പൊലിസിനെയും ആശുപത്രി അധികൃതരെയും കബളിപ്പിച്ച് മുങ്ങിയ കൊവിഡ് ബാധിതനായ മോഷണക്കേസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് പിടികൂടി. ഇരിട്ടി ആറളം വെളിമാനത്തെ പനച്ചിക്കല്‍ വീട്ടില്‍ ദിലീപിനെ (18)യാണ് ഇരിട്ടിയില്‍ പൊലിസ് പിടികൂടിയത്.
അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് സെന്ററില്‍ നിന്ന് പൊലിസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ച് രണ്ടു സ്വകാര്യ ബസുകളില്‍ കയറി ദിലീപ് ഇരിട്ടി ടൗണിലെത്തുകയായിരുന്നു. ആറളത്തെ അടിപിടിക്കേസില്‍ റിമാന്‍ഡിലായ ഇയാളെ മൊബൈല്‍ഫോണ്‍ മോഷണക്കേസില്‍ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ആറളത്ത് കൊണ്ടുവന്നിരുന്നു. ആ സമയത്ത് ദിലീപിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. തെളിവെടുപ്പു കഴിഞ്ഞ് വിഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി തിരികെ ജയിലിലേക്കു പ്രവേശിപ്പിക്കുന്നതിനു മുന്‍പ് നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം പൊസിറ്റീവാണെന്നു തെളിഞ്ഞത്. തുടര്‍ന്ന് ഇയാളെ അഞ്ചരക്കണ്ടി കൊവിഡ് സെന്ററിലേക്കു മാറ്റി.
രാവിലെ 10നാണ് ആശുപത്രിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടത്. ഇയാള്‍ രക്ഷപ്പെട്ടതോടെ പൊലിസ് സമൂഹമാധ്യമങ്ങളില്‍ ഇയാളുടെ ഫോട്ടോയും മറ്റു മുന്നറിയിപ്പുകളും നല്‍കി. അഞ്ചരക്കണ്ടിയില്‍ നിന്ന് സ്വകാര്യ ബസില്‍ കയറി പതിനൊന്നോടെ മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിയ ശേഷം മട്ടന്നൂര്‍ കോടതിക്കു സമീപം വരെ ഇയാള്‍ നടന്നെത്തി.
ഒരു സ്വകാര്യ ബസില്‍ കയറി ഉച്ചയ്ക്ക് 12ഓടെ ഇരിട്ടി പഴയ സ്റ്റാന്‍ഡില്‍ വന്നിറങ്ങി. ബസിന്റെ പിറകില്‍ മൂന്നാമത്തെ സീറ്റില്‍ മറ്റൊരു യാത്രക്കാരനൊപ്പമാണ് ഇരിട്ടിയിലേക്കു യാത്രചെയ്തതെന്ന് ഇയാള്‍ പൊലിസിനോടു പറഞ്ഞു.
ഇരിട്ടിയിലെത്തിയ ഇയാള്‍ പഴയ ബസ്സ്റ്റാന്റിലെ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിലെ ലോട്ടറി സ്റ്റാളിനുടുത്തെത്തി. സംശയം തോന്നിയ ഉടമ വാട്ട്‌സ്ആപ്പില്‍ ലഭിച്ച ഫോട്ടോയുമായി ഒത്തുനോക്കി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കോതേരി സ്ഥലത്തെത്തി സാമൂഹിക അകലത്തില്‍ ഇയാളെ തടഞ്ഞുവച്ചു. വിവരമറിഞ്ഞെത്തിയവരെ പൊലിസ് ഒഴിപ്പിച്ചു. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ നാലു പൊലിസുകാര്‍ ഇയാളെ പിടികൂടി വാഹനത്തില്‍ കയറ്റി തലശ്ശേരി കൊവിഡ് സെന്ററിലേക്കു മാറ്റി.
ഇയാളെത്തിയ രണ്ടു ബസുകളിലെ യാത്രക്കാരെ തിരിച്ചറിയാനാവാത്തതും ഇരിട്ടി, മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡുകളിലൂടെ ഏറെ നേരം കറങ്ങിനടന്നതും ആരോഗ്യ വകുപ്പിനെയും ആശങ്കയിലാക്കി. ദിലീപിനെ നേരത്തെ ആറളത്ത് തെളിവെടുപ്പിനെത്തിച്ച ആറളം എസ്.ഐ ഉള്‍പ്പെടെ സ്റ്റേഷനിലെ ഏഴു പൊലിസുകാര്‍ നിരീക്ഷണത്തില്‍ പോയി. പ്രതി രാവിലെ സഞ്ചരിച്ച അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റൂട്ടിലെ എസ്സാര്‍, തലശ്ശേരി-ഇരിട്ടി റൂട്ടിലെ എം ഫോര്‍ സിക്‌സ് ബസുകളിലെ യാത്രക്കാര്‍ ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പും പൊലിസും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."