ബിരുദധാരികളെ പുറത്താക്കാന്‍ വിജ്ഞാപനം: വിവിധ ജില്ലകളില്‍ എല്‍.ജി.എസ് നിയമനം ഇഴയുന്നു
കൊട്ടിയം(കൊല്ലം): ബിരുദധാരികള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ അവസാനത്തെ ജില്ലാതല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ റാങ്ക് പട്ടികയില്‍നിന്നുള്ള നിയമനം മിക്കയിടത്തും ഇഴയുന്നതായി പരാതി. പുതുക്കിയ യോഗ്യതയനുസരിച്ച് ഇനിമുതല്‍ ഈ പരീക്ഷയ്ക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കുന്നതില്‍ വിലക്കുണ്ടായിരിക്കും.
2017 ജൂണില്‍ രണ്ട് വര്‍ഷം തികയ്ക്കുന്ന ഡിഗ്രിക്കാരുള്‍പ്പെടുന്ന പഴയ റാങ്ക് പട്ടികയില്‍ നിന്നും കാര്യമായ നിയമനങ്ങള്‍ ഒന്നും മിക്ക ജില്ലകളിലും നടന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാല്‍ നിയമന ശുപാര്‍ശ വൈകുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും കാരണമാണ്. ഒഴിവുകള്‍ മറച്ചുവെയ്ക്കുന്നതായി ആക്ഷേപമുണ്ട്.
പി.എസ്.സിയുടെ കൊല്ലം അടക്കമുള്ള ജില്ലാ ഓഫിസുകളില്‍ നിന്ന് ഫോണ്‍ വഴി കാര്യമായ വിവരങ്ങളൊന്നും ലഭിക്കാറില്ല. പലപ്പോഴും പുതിയ വിവരങ്ങള്‍ തരാനും അവര്‍ക്ക് കഴിയുന്നില്ല. പല ജില്ലകളിലും മെയിന്‍ ലിസ്റ്റില്‍ തന്നെ 2500, 2000, 1500 എന്നിങ്ങനെയാണ് ലിസ്റ്റില്‍ ആളെ ഉള്‍ക്കൊള്ളിച്ചത്. മൊത്തം 25000 ത്തോളം പേര്‍ എല്ലാ ജില്ലകളിലുമായി മെയിന്‍ ലിസ്റ്റിലുണ്ട്. അവരില്‍ അഞ്ചു ശതമാനത്തിനു പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല.
കണ്ണൂര്‍ എല്‍.ജി.എസ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെ ആകെ 380 ഓളം നിയമനം മാത്രമാണ് നടന്നത്. കൊല്ലത്തും 380 തന്നെ രണ്ടുവര്‍ഷം കൊണ്ട് നടന്ന പരമാവധി നിയമനം. കഴിഞ്ഞ തവണത്തെ ലിസ്റ്റില്‍ ആദ്യ രണ്ടുവര്‍ഷം കൊണ്ട് 600 ഓളം നിയമനം നടന്ന ജില്ലകളിലാണ് ഇത്തവണ ലിസ്റ്റിലെ നിയമനം വൈകുന്നത്. 14 ജില്ലകളില്‍ 11 ഇടത്തും നിയമനം ഒച്ചിഴയും വേഗത്തിലാണ്. കോട്ടയത്ത് 253, ഇടുക്കിയില്‍ 272, തൃശൂരില്‍ 386,പത്തനംതിട്ട 255,ആലപ്പുഴ 248 എന്നിങ്ങനെ തീര്‍ത്തും പരിതാപകരമാണ് ഇതുവരെ എല്‍.ജി.എസില്‍ വിവിധ ജില്ലകളില്‍ നടന്ന മൊത്തം നിയമങ്ങള്‍. തിരുവനന്തപുരം അടക്കമുള്ള ഓഫിസുകള്‍ കൂടുതലുള്ള വലിയ ചില ജില്ലകളില്‍ മാത്രമാണ് നിയമനം കുറച്ച്കൂടി വേഗത്തില്‍ നടക്കുന്നത്.
എന്നാല്‍ സാങ്കേതികമായ തടസങ്ങളാണ് നിയമനം വൈകാന്‍ കാരണമെന്നാണ് പി.എസ്.സി ജില്ലാ ഓഫിസുകളുടെ സാധാരണയുള്ള വിശദീകരണം. ലാസ്‌കര്‍ ഒഴിവുകള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പി.എസ്.സി ഉത്തരവിട്ടതാണ് നിയമനം വൈകാന്‍ ഒരു കാരണം. ഇറിഗേഷന്‍ വകുപ്പില്‍ എല്‍.ജി.എസ് തസ്തിക റദ്ദാക്കിയുള്ള തീരുമാനവും നിയമനം അനിശ്ചിതത്വത്തിലാക്കി.
ഇക്കാര്യം അറിഞ്ഞിരുന്നിട്ടും ഇറിഗേഷന്‍ വകുപ്പിലടക്കം കൊല്ലം ജില്ലാ ഓഫിസ് അഡൈ്വസ് ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യേണ്ടിവന്നിരുന്നു. അഡൈ്വസ് പിന്‍വലിച്ചവരെ മറ്റു വകുപ്പുകളിലേക്ക് വീണ്ടും നിയമിക്കാനായി അഡൈ്വസ് അയക്കണം. ത്രോണ്‍ഔട്ടായി എന്നാണ് പി.എസ്.സി ഇതിന് പറയുക. നിയമനം നിലച്ച വിവരം തിരക്കുന്നവരോട് മനസ്സിലാക്കാനാവാത്ത വിധത്തിലും ത്രോണ്‍ഔട്ട് എന്ന പേര് പറഞ്ഞുമാണ് പി.എസ്.സി ജില്ലാ ഓഫിസുകള്‍ പലപ്പോഴും മറുപടി പറയുക.
അതിനിടെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുളള വിജ്ഞാപനം പി.എസ്.സി ആഗസ്റ്റ് മാസം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് സൂചന. 2018 ജൂണ്‍ 28 വരെയാണ് നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി.എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ കഴിയുന്നതോടെ വിജ്ഞാപനം ഇറക്കും. 2016 ജൂണ്‍ നാലിന് പുറപ്പെടുവിച്ച ഓര്‍ഡര്‍ പ്രകാരമാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് യോഗ്യത സര്‍ക്കാര്‍ പരിഷ്‌കരിച്ചത്. ബിരുദധാരികള്‍ക്ക് മറ്റു തസ്തികകളിലേക്ക്അപേക്ഷിക്കാമെന്നതിനാലാണ് പുതിയ പരിഷ്‌കാരമെന്നായിരുന്നു വിശദീകരണം.
കഴിഞ്ഞതവണ വരെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന ആര്‍ക്കും എല്‍.ജി.എസിന് അപേക്ഷിക്കാനാകുമായിരുന്നു. പുതിയ പരിഷ്‌കാരത്തോടെ അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാനാണ് സാദ്ധ്യത.എന്നാല്‍ ഏഴാം ക്ലാസ് വിജയം അടിസ്ഥാന യോഗ്യതയായി കണക്കാക്കിയിട്ടുളള എല്‍.ജി.എസ് തസ്തികയില്‍ ബിരുദം പൂര്‍ത്തിയാക്കാത്തവര്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ തടസ്സമില്ല. ഇതോടെ പുതുക്കിയ യോഗ്യതയ്ക്കനുസരിച്ചുളള ആദ്യ വിജ്ഞാപനമാകും ഇത്തവണത്തേത്.
2017 അവസാനവും 2018 ആദ്യമാസങ്ങളിലുമായി വിവിധ ജില്ലകളില്‍ പരീക്ഷ നടത്തുകയും ജൂണില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുമാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി 2018 ജൂണ്‍ 30ന് അവസാനിക്കാനിരിക്കെ പിറ്റേന്ന് തന്നെ പുതിയ റാങ്ക് പട്ടിക നിലവില്‍ വരത്തക്ക വിധമാണ് ക്രമീകരണം. എന്നാല്‍ നിലവിലെ ലിസ്റ്റിലെ നിയമനം ഇഴയുന്നതോടെ, ലിസ്റ്റിലുള്ള ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഏറെ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."