സഊദിയിലെ കണ്ണൂര്‍ സ്വദേശിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
റിയാദ്: റിയാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ സിറ്റി കുനിയിലകത്ത് തൈവളപ്പില്‍ അബ്ദുല്‍ ഗഫൂറിന്റെ (55) മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലിസ് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ നിന്നു താഴേക്ക് വീണു രക്തം വാര്‍ന്നു മരിച്ചതാകാമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. അതീഖയിലെ കമ്പനി ഓഫീസ് കെട്ടിടത്തിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്ന ഓഫീസുള്ളത്. ഇതേ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് താമസം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.45ന് ഓഫീസില്‍നിന്ന് കാണാതായത്. പിന്നീട് രണ്ടു ദിവസം കഴിഞ്ഞു കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരന് ദുര്‍ഗന്ധം വമിക്കുന്നത് കാരണം നടത്തിയ പരിശോധനയില്‍ കെട്ടിടത്തില്‍ ലിഫ്റ്റിന് ഒഴിച്ചിട്ട ഭാഗത്തെ താഴെ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രണ്ടു കെട്ടിടങ്ങളും ഒരേ ആളുടേതാണ്.ലിഫ്റ്റിനായുള്ള ഈ ഭാഗത്തു കൂടെ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് പോയി വരാന്‍ താല്കാലിക സൗകര്യമുണ്ടായിരുന്നു.ഇത് വഴി കടന്നപ്പോള്‍ കാല് വഴുതി വീഴാനാണ് സാധ്യത. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹം പോലീസെത്തിയാണ് ശുമേസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
മൃതദേഹം ഇവിടെത്തന്നെ മറവു ചെയ്യാന്‍ ബന്ധുക്കള്‍ കെ.എം.സി.സി, ജീവകാരുണ്യ പ്രവര്ത്തകന് സിദ്ധീഖ് തുവ്വൂരിനു അനുമതി പത്രം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. ഒമ്പത് വര്‍ഷമായി അബ്ദുല്‍ ഗഫൂര്‍ റിയാദിലുണ്ട്. ഭാര്യ: ഷാഹിന. മക്കള്‍: തസ്നീം, സഫ്വാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."