ജെ.ഇ.ഇ പ്രവേശന പരീക്ഷ, 360 ല്‍ 360 മാര്‍ക്ക് നേടിയ അല്‍ഭുതക്കുട്ടിയിതാ
ന്യൂഡല്‍ഹി: പ്രവേശന പരീക്ഷയുടെ ചരിത്രത്തിലാദ്യമായി മുഴുവന്‍ മാര്‍ക്കും നേടി അല്‍ഭുതമുണ്ടാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ വിദ്യാര്‍ഥി. രാജ്യത്തെ എന്‍ജിനിയറിങ് കോളജുകളിലേക്ക് പ്രവേശനത്തിനായി നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനിലാണ് (ജെ.ഇ.ഇ) 360 ല്‍ 360 മാര്‍ക്കും നേടി ഉദയ്പുര്‍ സ്വദേശി കല്‍പിത് വീര്‍വല്‍ ചരിത്രംകുറിച്ചത്.
ഇത്രയും വലിയ വിജയത്തിനു പിന്നിലെ രഹസ്യമെന്താണ്? ദിനേന 4-5 മണിക്കൂര്‍ മാത്രമാണ് താന്‍ പഠിച്ചതെന്ന് കല്‍പിത് പറയുന്നു. പക്ഷെ, പഠിക്കുന്ന സമയത്ത് കൃത്യമായ ശ്രദ്ധയും അധ്യാപകര്‍ നല്‍കുന്ന നോട്ടുകള്‍ ശ്രദ്ധയോടെ പഠിക്കുകയും ചെയ്തു. പിന്നെ മാതാപിതാക്കളുടെ പിന്തുണയും കൂടിയാവുമ്പോള്‍ വിജയം സമ്പൂര്‍ണ്ണമായെന്ന് ഈ 17 കാരന്‍ സന്തോഷത്തോടെ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് കല്‍പിതിന്റെ പിതാവ്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാളും വിജയം കൊയ്തുവെന്നും വളരെ സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് കല്‍പിതിന്റെ മാതാവ്.
മുന്‍പ് നടത്തിയ നാഷണല്‍ ടാലന്റ് പരീക്ഷയിലും ഇന്ത്യന്‍ ജൂനിയര്‍ സയന്‍സ് ഓളിംപ്യാഡിലും കല്‍പിത് വിജയിയായിരുന്നു.
രാജ്യത്തെ 1781 കേന്ദ്രങ്ങളിലായി 10.2 ലക്ഷം വിദ്യാര്‍ഥികളാണ് ഇപ്രാവശ്യത്തെ ജെ.ഇ.ഇ പരീക്ഷയെഴുതിയത്. ആദ്യത്തെ 1000 ഉന്നത മാര്‍ക്ക് നേടിയവരില്‍ പെണ്‍കുട്ടികളില്‍ 68 പേര്‍ മാത്രമാണ് ഉള്‍പ്പെട്ടത്. 81 എന്ന കട്ട് ഓഫ് മാര്‍ക്ക് നേടി ജെ.ഇ.ഇ മെയിന്‍ പരീക്ഷാ കടമ്പ കടന്ന 2.2 ലക്ഷം വിദ്യാര്‍ഥികള്‍ അടുത്ത മാസം നടക്കുന്ന ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."