കൈക്കുഞ്ഞുമായി യുവതിയും പിന്നാലെ ഭര്‍ത്താവും പുഴയില്‍ ചാടി
തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്നാറില്‍ പുഴയില്‍ ചാടിയ യുവദമ്പതികള്‍ക്കും കൈക്കുഞ്ഞിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാര്‍ കെ.ഡി.എച്ച്.പി പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ വിഷ്ണു (30), ഭാര്യ ശിവരഞ്ജിനി (26), ആറുമാസം പ്രായമായ കുഞ്ഞ് എന്നിവര്‍ക്കായാണു തിരച്ചില്‍ നടക്കുന്നത്.
ഇന്നലെ കുട്ടിയുമായി പുഴയില്‍ ചാടിയ ശിവരഞ്ജിനിയ്ക്കു പിന്നാലെ വിഷ്ണുവും പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. വീടിന്റെ തൊട്ടുമുന്‍പിലുള്ള മുതിരപ്പുഴയിലാണു മൂവരും ഒഴുക്കില്‍പെട്ടത്.
വീടിന്റെ അയല്‍പക്കത്ത് താമസിക്കുന്ന അന്തോണിസാമി കണ്ടുനില്‍ക്കെയാണു ദമ്പതികള്‍ പുഴയില്‍ ചാടിയത്. ഇയാള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരായ തൊഴിലാളികള്‍ ഓടിയെത്തി. തുടര്‍ന്ന് അഗ്നിശമന സേന, പൊലിസ്, മുങ്ങല്‍വിദഗ്ധര്‍ അടങ്ങിയ സംഘം സ്ഥലത്തെത്തിയാണു തിരച്ചിലിനു നേതൃത്വം നല്‍കുന്നത്. മൂവാറ്റുപുഴയില്‍നിന്നെത്തിയ മുങ്ങല്‍വിദഗ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മുതിരപ്പുഴയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു തിരച്ചില്‍ പുരോഗമിക്കുന്നത്. ഉച്ചവരെ പെയ്ത ശക്തമായ മഴ തിരച്ചിലിനു തടസം സൃഷ്ടിച്ചു.
പെരിയവര റോഡിലുള്ള ഡിവൈ.എസ്.പി ഓഫിസിനു സമീപം, റീജ്യനല്‍ ഓഫിസ്, പഴയ മൂന്നാറിലെ ഡി.ടി.പി.സി ഓഫിസിനു സമീപം എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്.
വൈദ്യുതി മന്ത്രി എം.എം മണി വിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."