സ്ത്രീകളുടെ ചിത്രമെടുത്ത് പ്രചരിപ്പിച്ച അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു
തുറവൂര്‍: സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 5 പേര്‍ക്കെതിരെ കുത്തിയതോട് പോലിസ് കേസെടുത്തു. 5 പേരുടെ മൊബൈല്‍ ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തു.
തുറവൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തിരുമലഭാഗംകളരിക്കല്‍ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദിബിന്‍ (19), അമല്‍ദേവ് (18) എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. തിരുമലഭാഗം കളരിക്കല്‍ മേഖലയിലെ 21 സ്ത്രീകള്‍ ചേര്‍ന്ന് ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതി തെളിയിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
എന്നാല്‍ പൊലിസ് പരാതിക്കാരുടെ മൊഴിയെടുക്കുകയോ പ്രതികളുടെ വീടുകളില്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാര്‍ കുറ്റപ്പെടുത്തി. 9 ന് എസ്.പി.ക്ക് പരാതി നല്‍കിയെങ്കിലും പ്രതികള്‍ക്ക് രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കുവാനും കുത്തിയതോട് പൊലിസ് ഒത്താശ ചെയ്യുകയാണെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. പ്രതികളായ അഞ്ചു പേരും നാട്ടിലെ സ്ത്രീകള്‍ അറിയാതെ അവരുടെ ചിത്രങ്ങളെടുക്കുകയും ലൈംഗികച്ചുവയുള്ള വോയ്‌സ് ക്ലിപ്പുകളും സന്ദേശങ്ങളും പരസ്പരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതി. ചില ദൃശ്യങ്ങളും വോയ്‌സ് ക്ലിപ്പുകളും പരാതിക്കാര്‍ പോലിസിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്‌നചിത്രങ്ങളുമായി മോര്‍ഫ് ചെയ്തതായി പരാതിയുണ്ടെങ്കിലും ഇതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് കുത്തിയതോട് പോലിസ് പറയുന്നത്.
പ്രതികളില്‍ ഒരാളുടെ അമ്മയുടെ ചിത്രം ഇത്തരത്തില്‍ ഇവരുടെ ഗ്രൂപ്പില്‍ എത്തിയതോടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും വിവരം പുറം ലോകം അറിയാന്‍ കാരണമായതും. ഒരാളുടെ അമ്മയുടെ ചിത്രം പ്രചരിപ്പിച്ചതോടെ മറ്റുള്ളവരുടെ അമ്മമാരുടെ ചിത്രങ്ങളും ഗ്രൂപ്പിലെത്തിയതായി പ്രതികളിലൊരാള്‍ വോയ്‌സ് ക്ലിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം 36 സ്ത്രികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായും വോയ്‌സ് ക്ലിപ്പില്‍ പായുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് പരാതിക്കാരായ വീട്ടമ്മമാര്‍ പറഞ്ഞു. ഇതില്‍ ചിലരുടെ ചിത്രങ്ങള്‍ പരാതിക്കാര്‍ക്ക് ലഭിച്ചിട്ടുള്ളതായും അറിയുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും കുത്തിയതോട് സി.ഐ. കെ.ബി. മനോജ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."