വാണിജ്യനികുതി റെയ്ഡ്: വ്യാപാരിസംഘടനകള്‍ പ്രതിഷേധിച്ചു
കൊച്ചി: നഗരത്തിലെ ഹോള്‍സെയില്‍ ടെക്സ്റ്റയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസം വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെതിരേ കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഹാളില്‍ ചേര്‍ന്ന കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെയും, കേരള ടെക്സ്റ്റയില്‍&ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റേയും ഭാരവാഹികളുടെ സംയുക്തയോഗം പ്രതിഷേധിച്ചു.
മണിക്കൂറുകള്‍ നീണ്ട റെയ്ഡിന്റെ ഫലമായി വ്യാപാരത്തില്‍ വളരെ മാന്ദ്യം ഉണ്ടായതായി യോഗം വിലയിരുത്തി. നികുതി വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ തന്നെ അതിനു തടസ്സം വരുത്തുന്ന തരത്തില്‍ അനവസരത്തിലുള്ള കടപരിശോധന പോലുള്ള നടപടികളിലൂടെ വ്യാപാരികളെ ദ്രോഹിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സര്‍ക്കാരുദ്യോഗസ്ഥരുടെ വ്യാപാരിദ്രോഹനടപടികളെ ശക്തമായി പ്രതിരോധിക്കുന്നതിനും ഭാവിപരിപാടികള്‍ ആലോചിക്കുന്നതിനുമായി വിവിധ വ്യാപാരിസംഘടനകളുടെ ഒരു യോഗം മേയ് രണ്ടിന് കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ ചേരുന്നതിന് നിശ്ചയിച്ചതായി കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് വി.എ.യൂസഫ്, ടെക്സ്റ്റയില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പ്രതാപ് ഷാ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."