എം.ഡിയുടെ നീക്കത്തിന് യൂനിയനുകള്‍ തടയിട്ടു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ പരിഷ്‌കരിക്കാനിറങ്ങിയ എം.ഡി ടോമിന്‍ തച്ചങ്കരിയുടെ തീരുമാനങ്ങളില്‍ എതിര്‍പ്പ് അറിയിച്ച് ഗതാഗത മന്ത്രിയും യൂനിയനുകളും. സ്വകാര്യ ബസുകള്‍ വാടകക്കെടുത്ത് സര്‍വിസ് നടത്താനായിരുന്നു എം.ഡിയുടെ തീരുമാനം. സ്വകാര്യ ബസുകള്‍ വാടകക്കെടുത്ത് സര്‍വിസ് നടത്തി ലാഭത്തിലെത്തിക്കാമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബസുകള്‍ വാടകക്ക് എടുക്കുന്നത് കെ.എസ്്.ആര്‍.ടി.സിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് യൂനിയനുകള്‍ ആരോപിക്കുന്നത്. ഇത്തരമൊരു നടപടി ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണെന്നും ഭരണപക്ഷ യൂനിയനുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് തച്ചങ്കരിയുടെ റിപ്പോര്‍ട്ട് തല്‍ക്കാലം നടപ്പാക്കണ്ടതില്ലെന്നും ചര്‍ച്ച ചെയ്തതിനു ശേഷം മതിയെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. 15,000 സ്വകാര്യ ഇലക്ട്രിക് ബസുകള്‍ വാടകക്കെടുക്കാനുള്ള ആശയവുമായാണ് തച്ചങ്കരി മുഖ്യമന്ത്രിയെ സമീപിച്ചത്. സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിച്ച് മുന്നോട്ട് പോകുന്ന തച്ചങ്കരിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയും ഉണ്ട്.
നിലവിലുള്ള സര്‍വിസുകളേയും ജീവനക്കാരേയും നിലനിര്‍ത്തികൊണ്ട് വ്യക്തമായ കണക്കുകളുമായാണ് തച്ചങ്കരി മുഖ്യമന്ത്രിയെ സമീപിച്ചത്. നഷ്ടത്തിലോടുന്ന ഓര്‍ഡിനറി സര്‍വിസുകളെയാണ് പരിഷ്‌കരിക്കാന്‍ തച്ചങ്കരി റിപ്പോര്‍ട്ട് തയാറാക്കിയത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി 20 ശതമാനം റൂട്ടുകളില്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. 80 ശതമാനം റൂട്ടുകളിലും സ്വകാര്യ ബസുകളാണുള്ളത്. ബസുകളുടെ കുറവ് കൊണ്ടാണ് ഈ റൂട്ടുകളില്‍ കെ.എസ്ആര്‍.ടി.സിയ്ക്ക് സര്‍വിസ് നടത്താന്‍ കഴിയാത്തത്. വെറ്റ് ലീസ് സമ്പ്രദായത്തില്‍ ബസുകള്‍ വാടകക്കെടുത്ത് ഓടിച്ചാല്‍ ഓര്‍ഡിനറി സര്‍വിസില്‍ നിലവില്‍ 65.05 രൂപ കിലോമീറ്ററിന് ചെലവ് വരുന്ന സ്ഥാനത്ത് ഇത് 33.58 രൂപയ്ക്ക് സര്‍വിസ് നടത്താനാകുമെന്ന കണക്കുകള്‍ സഹിതമാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ലാഭകരമാക്കാവുന്ന റൂട്ടുകളുടെ ഏകദേശ രൂപവും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യൂനിയനുകള്‍ ഇത് അംഗീകരിക്കാന്‍ തയാറായില്ല. കെ.എസ്.ആര്‍.ടി.സിയെ പടിപടിയായി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. വാടകക്ക് സ്‌കാനിയ ബസ് ഓടിച്ചുള്ള പരീക്ഷണത്തില്‍ നഷ്ടമാണുണ്ടായതെന്ന് യൂനിയനുകള്‍ ആരോപിക്കുന്നു. കിലോമീറ്ററിന് 27രൂപ നിരക്കിലാണ് സ്‌കാനിയ വാടകക്കെടുത്തത്. ആദ്യമൂന്ന് മാസത്തില്‍ തന്നെ അരക്കോടിയോളം രൂപയാണ് ഈ സര്‍വിസുകള്‍ വഴിയുണ്ടായതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.
കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് തച്ചങ്കരി പറയുന്നു. തൊഴിലാളികളില്‍ നിന്ന് യൂണിയനുകള്‍ മാസം തോറും നടത്തിയിരുന്ന പിരിവ് തച്ചങ്കരി നിര്‍ത്തിയതില്‍ നേതാക്കള്‍ അതൃപ്തിയിലാണ്. ഇതിനിടയിലാണ് ബസുകള്‍ വാടകക്കെടുത്ത് സര്‍വിസ് നടത്താനുള്ള തച്ചങ്കരിയുടെ നീക്കത്തിനെതിരേ യൂനിയനുകള്‍ രംഗത്ത് വന്നത്. ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ യൂണിയനുകള്‍ സമരത്തിന് ഒരുങ്ങുകയാണ്. ഈ മാസം 24ന് വിവിധ യൂനിയനുകളുടെ സംയുക്ത സമര പ്രഖ്യാപനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."