മോദിയേക്കാള്‍ 'മോടി' ശബരിമലക്ക്: പെരുമാറ്റചട്ടം കാര്യമാക്കാതെ ബി.ജെ.പി 'അയ്യപ്പനെ' പ്രചാരണത്തിനിറക്കുന്നു
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയേക്കാള്‍ മോഡി ശബരിമല വിഷയത്തിനാണെന്നു തിരിച്ചറിഞ്ഞതോടെ ഈ വിഷയം മുഖ്യ പ്രചാരണ ആയുധമാക്കാന്‍ ബി.ജെപി. വോട്ടെടുപ്പിന് കേരളത്തില്‍ പത്തുനാള്‍ മാത്രം ശേഷിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ മഹത്വമൊന്നും മലയാളികളില്‍ ഏശിയിട്ടില്ലെന്നും അത്തരം പ്രചാരണങ്ങള്‍ കേരളത്തില്‍ ചെലവാകില്ലെന്നും സംഘ് പരിവാര്‍ തിരിച്ചറിയുന്നത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ പ്രഖ്യാപനവും ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ ശബരിമലയിലെ ആചാര സംരക്ഷണം ഉള്‍പ്പെടുത്തിയതും കേരളഘടകത്തിന് ആത്മവിശ്വാസം നല്‍കുന്നു.
ഇലക്ഷന്‍ കമ്മിഷന്റെ വിലക്ക് നിലവിലുണ്ടെങ്കിലും ശബരിമല അയ്യപ്പന്റെ പേരില്‍ തന്നെ വോട്ടുപിടിക്കാനാണ് ഇനി തീരുമാനം. ഇത്തരത്തില്‍ പ്രചാരണം നടത്തിയാല്‍ കേരളത്തില്‍ നിന്ന് കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നും അവര്‍ കണക്കു കൂട്ടുന്നു. തിരുവനന്തപുരത്ത് താമര വിരിയുമെന്നും പത്തനംതിട്ടയിലും പാലക്കാടും രണ്ടാമതെത്തുമെന്നുമുള്ള ചില സര്‍വേകള്‍ ബി.ജെ.പിക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെത്രെ. അത് യാഥാര്‍ഥ്യമാക്കാന്‍ തന്നെയാണ് ബി.ജെ.പി ഒരുങ്ങുന്നത്. അതിന് ഏറ്റവും അനുയോജ്യമായ വിഷയം ശബരിമല മാത്രമാണെന്നും ബി.ജെ.പി വിലയിരുത്തുന്നു.
പത്തനംതിട്ടയിലും ആറ്റിങ്ങലിലും തൃശൂരും ഇത്തരം പ്രചാരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.. മാവേലിക്കരയിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങാതെ പ്രവര്‍ത്തകരും നേതാക്കളും പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ പ്രചാരണത്തിനിറങ്ങാനാണ് താത്പര്യം കാണിക്കുന്നതെന്നും ബി.ഡി.ജെ.എസ് പരാതി ഉയര്‍ത്തിയിട്ടുണ്ട്.
ശബരിമല വിഷയം ഉന്നയിച്ചുള്ള പ്രചാരണത്തിന് കിട്ടുന്ന ജനസ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് അവഗണിച്ചും മുന്നോട്ടുപോകാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. പത്തനംതിട്ടയിലും, തൃശ്ശൂരിലും വൈകി മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ശബരിമല വിഷയം തന്നെയാണ് മുന്നേറ്റത്തില്‍ അവിടെ മുന്നിട്ടു നില്‍ക്കുന്നത്.
വോട്ടെടുപ്പിന് പത്തുനാള്‍ ശേഷിക്കേ ശബരിമല വിഷയം ശക്തമായി ഉന്നയിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികളോടും ബി.ജെ.പി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതായാണ് വിവരം. നേരത്തെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. ശബരിമല വിഷയം സജീവമാക്കി നിലനിര്‍ത്തുമെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ എല്ലാ നിലപാടുകളും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ശ്രീധരന്‍പിള്ള ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇത് ഇലക്ഷന്‍ കമ്മിഷനോട് തുറന്നയുദ്ധത്തിന് ബി.ജെ.പി തയാറെടുക്കുന്നു എന്നതിന്റെ സൂചനകൂടിയാണ്.
എന്നാല്‍ ശബരിമലയുടെ പേരില്‍ വോട്ടുപിടിക്കാനാവില്ലെന്ന കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വിശദീകരണത്തിന്റെ ആവശ്യമില്ല. ദൈവങ്ങളുടെ പേരില്‍ വോട്ടുതേടിയാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തന്നെയാണ്. അത് ആരു നടത്തിയാലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബി.ജെ.പിയുടെ നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തു വന്നതോടെ എങ്ങനെയും പ്രചാരണം പ്രക്ഷുബ്ദമാക്കി വോട്ടുതേടുക എന്ന തരത്തിലേക്കാണ് ബി.ജെ.പി എത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം എന്‍.ഡി.എ അധികാരത്തില്‍ വന്നാല്‍ ഇലക്ഷന്‍ കമ്മിഷന്റെ വിലക്കിനെ മറികടക്കാനാവുമെന്നും അവര്‍ കണക്കു കൂട്ടുന്നു. ആറ്റിങ്ങലിലും കോഴിക്കോട്ടും ഈ ട്രന്‍ഡ് പ്രകടമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
ശബരിമല വിഷയം പറയുന്നിടത്തെല്ലാം പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കും കിട്ടുന്ന പിന്തുണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിരായാലും അതേ തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബി.ജെ.പി നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."